ബി.ജെ.പി അധികാരത്തിലുള്ള സംസ്ഥാനങ്ങളില്‍ എന്താണ് നടക്കുന്നതെന്ന് പാര്‍ട്ടി വിലയിരുത്തണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ക്രമസമാധാന പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഉദ്ധവിന്‍റെ വിമര്‍ശനം. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് സി.എ.എ പ്രതിഷേധങ്ങള്‍ കലാപങ്ങളായതെന്നും ഉദ്ധവ് വിമര്‍ശിച്ചു.
സ്ത്രീകള്‍ക്കെതിരായ എല്ലാ കുറ്റകൃത്യങ്ങളും അപലപനീയമാണ്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ശാഹീന്‍ബാഗുകളുണ്ടാവുന്നത്. ഉത്തര്‍പ്രദേശില്‍ പൌരത്വ പ്രതിഷേധത്തിനിടെ കലാപങ്ങളുണ്ടായി. മഹാരാഷ്ട്രയില്‍ ഒരു കലാപവുമില്ലെന്നും ഉദ്ധവ് പറഞ്ഞു.
രാജ്യത്ത് നിരവധി പ്രക്ഷോഭങ്ങളുണ്ടാകുന്നുണ്ട് പക്ഷെ എല്ലാം സമാധാനപരമാണ്. ഉത്തര്‍പ്രദേശിലും ഡല്‍ഹിയിലുമാണ് ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാകുന്നത്. ഡല്‍ഹിയില്‍ പൊലീസ് ബി.ജെ.പിയുടെ കയ്യിലാണ്. ഉത്തര്‍പ്രദേശ് ഭരിക്കുന്നത് തന്നെ ബി.ജെ.പിയാണെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.
ജെ.എന്‍.യു ക്യാമ്പസില്‍ ഭീകരര്‍ പ്രവേശിച്ചു. അതെ അവരെ ഭീകരര്‍ എന്ന് തന്നെയാണ് താന്‍ വിളിക്കുന്നത്. അവര്‍ക്കെതിരെ എന്തുകൊണ്ട് നടപടിയെടുക്കുന്നില്ലെന്നും ഉദ്ധവ് ചോദിച്ചു.