India

കർഷക പ്രതിഷേധം; അക്രമകാരികളെ ശക്തമായി നേരിടാൻ നിർദേശവുമായി അമിത് ഷാ

”അക്രമകാരികളെ ശക്തമായി നേരിടാൻ” കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിർദേശം. കർഷക സമരത്തില്‍ രാജ്യതലസ്ഥാനം യുദ്ധക്കളമായതിന് പിന്നാലെ ആഭ്യന്തര മന്ത്രാലയം വിളിച്ചുചേർത്ത യോഗത്തിന് ശേഷമാണ് അമിത് ഷായുടെ പ്രതികരണം. 15 ക്യാംപ് അർധ സൈനിക വിഭാഗത്തെ ഡൽഹിയിൽ വിന്യസിക്കാൻ യോഗത്തിൽ തീരുമാനമായി.

അക്രമികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഡൽഹി പോലീസും പറഞ്ഞു. കർഷകർ സമരസ്ഥലത്തേക്ക് തിരിച്ചു പോകണമെന്ന് ഡൽഹി പൊലീസ് കമ്മീഷണർ അറിയിച്ചു. റൂട്ട് മാപ്പ് ലംഘിച്ചാണ് കർഷകർ റാലി നടത്തിയതെന്നും, അനുവദിച്ച സമയം കഴിഞ്ഞും കർഷകർ റാലി നടത്തിയതായും അദ്ദേഹം ആരോപിച്ചു. അക്രമത്തിൽ നിരവധി പൊലീസുകാർക്ക് പരിക്കേറ്റുവെന്നും കമ്മീഷണർ കൂട്ടിച്ചേർത്തു.

റിപബ്ലിക് ദിനത്തില്‍ ട്രാക്ടർ റാലിയുമായി എത്തിയ കർഷകർ ചെങ്കോട്ടയിൽ സമര പതാക ഉയർത്തിയിരുന്നു. പലയിടത്തും കർഷകരും പൊലീസും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. ഒരു കർഷകൻ മരണപ്പെട്ടു. പൊലീസിന്‍റെ വെടിയേറ്റാണ് കൊല്ലപ്പെട്ടതെന്നാണ് കര്‍ഷകർ ആരോപിക്കുന്നത്. നിരവധി പേർക്കാണ് പരിക്കേറ്റത്.

ചെങ്കോട്ടയിലും പരിസരത്തും തമ്പടിച്ചിരിക്കുകയാണ് സമരക്കാർ. സമരം ദുർബലമാക്കാൻ ഡൽഹിയിലേക്കുള്ള പല റോഡുകളും അടച്ചു, ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചു. എന്നാൽ പിന്മാറില്ലെന്ന ഉറച്ച നിലപാടിലാണ് കർഷകർ. ആളിക്കത്തിയ കർഷക രോഷം ഇനി ഏതുവഴിയിലേക്ക് നീങ്ങുമെന്ന ആശങ്കയിലാണ് രാജ്യം.