Economy India

കാര്‍ഷിക നിയമത്തിന്‍റെ പകര്‍പ്പ് കത്തിച്ച് കര്‍ഷകര്‍; കൂടുതല്‍ ട്രാക്ടറുകള്‍ ഡല്‍ഹിയിലേക്ക്

സമരം തുടരുന്ന കര്‍ഷകര്‍ പുതിയ കാര്‍ഷിക നിയമത്തിന്‍റെ പകര്‍പ്പ് കത്തിച്ചു. പഞ്ചാബികളുടെ ഉത്സവമായ ലോഹ്ഡി ദിനത്തിലും പ്രതിഷേധം തുടരുകയാണ്. പഞ്ചാബ്, ഹരിയാന ജില്ലകളില്‍ ഗ്രാമങ്ങളിലും നഗരങ്ങളിലും നിയമത്തിന്‍റെ പകര്‍പ്പ് വിതരണം ചെയ്തിരുന്നു.

ശൈത്യ കാലത്ത് പഞ്ചാബിലും ഹരിയാനയിലുമെല്ലാം നടക്കുന്ന ഉത്സവമാണ് ലോഹ്ഡി. തീജ്വാലക്ക് ചുറ്റും ഒത്തുകൂടി നല്ല ഭാവിക്ക് വേണ്ടിയുള്ള പ്രാര്‍ഥനയാണ് പ്രധാന ചടങ്ങ്. ഈ വര്‍ഷം കര്‍ഷക നിയമം കത്തിച്ചാണ് കര്‍ഷക കുടുംബങ്ങള്‍ ലോഹ്‍ഡി ആചരിച്ചത്.

നേരത്തെ നിശ്ചയിച്ച ട്രാക്ടര്‍ റാലി ഉള്‍പ്പെടെയുള്ള സമര പരിപാടികളുമായി മുന്നോട്ടുപോകാനാണ് കര്‍ഷകരുടെ തീരുമാനം. ഇത് അവകാശങ്ങള്‍ക്കായുള്ള പോരാട്ടമാണെന്ന് ഗുരുദ്വാരകളില്‍ സന്ദേശം മുഴങ്ങി. ഇന്നലെ തന്നെ നിരവധി ട്രാക്ടറുകള്‍ ഡല്‍ഹി അതിര്‍ത്തി ലക്ഷ്യമാക്കി പഞ്ചാബില്‍ നിന്നും പുറപ്പെട്ടുകഴിഞ്ഞു.

പുതിയ കാര്‍ഷിക നിയമത്തില്‍ സമവായമുണ്ടാക്കാന്‍ സുപ്രീംകോടതി രൂപീകരിച്ച വിദഗ്ധ സമിതിയെ കര്‍ഷകര്‍ വിശ്വാസത്തിലെടുക്കുന്നില്ല. കാര്‍ഷിക നിയമത്തെ പ്രത്യക്ഷത്തില്‍ തന്നെ അനുകൂലിക്കുന്നവരില്‍ നിന്നും എന്തു നീതിയാണ് ലഭിക്കുക എന്നാണ് കര്‍ഷകരുടെ ചോദ്യം.