India National

പ്രതിഷേധം സംഘടിപ്പിക്കുന്നത് രാജ്യദ്രോഹ പ്രവര്‍ത്തനമല്ലെന്ന് ഡല്‍ഹി ഹൈക്കോടതി

പ്രതിഷേധം സംഘടിപ്പിക്കുന്നതും രാജ്യദ്രോഹ പ്രവർത്തനവും ഒന്നല്ലെന്ന് ഡൽഹി ഹൈക്കോടതി. ഡല്‍ഹി കലാപ ഗൂഢാലോചനക്കേസില്‍ അറസ്റ്റിലായ പൗരത്വപ്രക്ഷോഭകർക്ക് ജാമ്യം അനുവദിച്ച് കൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം. വിമത ശബ്ദങ്ങൾ അടിച്ചമർത്താനുള്ള വ്യ​ഗ്രതയിൽ സംഭവിച്ച് പോകുന്ന തെറ്റിധാരണയാണിത്.

പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടന അനുവദിച്ച് നൽകിയിട്ടുള്ളതാണ്. അത് രാജ്യദ്രോഹമായി തെറ്റിധരിക്കേണ്ടതില്ല. എന്നാൽ ഭരണാധികാരികൾക്ക് ഇത് രണ്ടിനെയും തമ്മിൽ വേർതിരിക്കുന്ന രേഖ അവ്യക്തമായിരിക്കും. ഈ സ്ഥിതി തുടർന്നാൽ ജനാധിപത്യത്തിന് വിഷമകരമായ ദിനമായിരിക്കും അതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ഡൽഹി കലാപ കേസിൽ കുറ്റമാരോപിക്കപ്പെട്ട് പിടിയിലായ നതാഷ നർവാൾ, ദേവാം​ഗന കലിദ, ജാമിഅ മില്ലിയ വിദ്യാർഥി ആസിഫ് ഇഖ്ബാൽ തൻഹ എന്നിവർക്കാണ് ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കലാപത്തിന് പിന്നിൽ പ്രവർത്തിച്ചതിന് യു.എ.പി.എ ചുമത്തിയ കേസിലാണ് മൂവർക്കും ജാമ്യം അനുവദിച്ചത്.

2020 ഫെബ്രുവരിയിൽ നടന്ന ഡൽഹി അതിക്രമ കേസിൽ പങ്കുണ്ടെന്നാരോപിച്ച് പിടിയിലായ മൂവർക്കും ഒരു വർഷത്തിന് ശേഷമാണ് ജാമ്യം ലഭിക്കുന്നത്. നേരത്തെ കീഴ്ക്കോടതി ജാമ്യം തള്ളിയതിനെ ഇവർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ജസ്റ്റിസുമാരായ സിദ്ധാർ മൃദുൽ, അനൂപ് ജെ ഭംഭാനി എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. 2020 മെയ് അവസാനത്തോടെയാണ് ഇവർ മൂന്ന് പേരെയും പിടികൂടുന്നത്.