ഹരിയാനയിലെ ബിജെപി സര്‍ക്കാരില്‍ സഖ്യകക്ഷിയായ ജെജെപിയും പ്രതിസന്ധിയിലായിരിക്കുകയാണ്. സമാന പ്രതിസന്ധിയാണ് ബീഹാറില്‍ നിധീഷ് കുമാറിന്‍റെ ഐക്യജനതാദളും നേരിടുന്നത്
വിവാദ കാര്‍ഷിക ഓര്‍ഡിനന്‍സിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം കനക്കുന്നു. വിഷയം എന്‍ഡിഎ മുന്നണിയേയും പ്രതിസന്ധിയിലാക്കി. ഹരിയാനയിലെ ജെജെപി, ബീഹാറിലെ ജെഡിയു പാര്‍ട്ടികളും സമ്മര്‍ദ്ദത്തിലായി. പ്രതിപക്ഷം കര്‍ഷകരെ തെറ്റിധരിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു.
പഞ്ചാബ്, ഹരിയാന, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ബീഹാര്‍, ജാര്‍ഖണ്ഡ്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ വിവാദമായ കാര്‍ഷിക ഓര്‍ഡിനന്‍സിനെതിരെ ചെറുതും വലുതുമായ സമരങ്ങളിലാണ്. ഈ മാസം 24ന് പഞ്ചാബില്‍ ട്രെയിന്‍ തടയുമെന്ന് കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ചു. പാര്‍ലമെന്‍റ് സമ്മേളനം നടക്കുന്നതിനാല്‍ ഡല്‍ഹി ജന്ദര്‍ മന്തറിലും സമരങ്ങള്‍ നടക്കുകയാണ്. പഞ്ചാബില്‍ നിന്നുള്ള ശിരോമണി അകാലിദള്‍ കര്‍ഷക സമ്മര്‍ദ്ദം കൊണ്ട് കേന്ദ്രമന്ത്രി സ്ഥാനം രാജി വെച്ചു. രാജി വെച്ച് കൊണ്ട് ഹര്‍സിമ്രത്ത് കൌര്‍ പറഞ്ഞത് തന്‍റെ പാര്‍ട്ടി കര്‍ഷകര്‍ക്കൊപ്പം നില്‍ക്കുമെന്നാണ്.
ഹരിയാനയിലെ ബിജെപി സര്‍ക്കാരില്‍ സഖ്യകക്ഷിയായ ജെജെപിയും പ്രതിസന്ധിയിലായിരിക്കുകയാണ്. പാര്‍ട്ടി നേതാവ് ദുഷ്യന്ത് ചൌട്ടാലയോട് ഉപമുഖ്യമന്ത്രി പദം രാജിവെക്കണമെന്ന് പാര്‍ട്ടിയിലെ രണ്ട് എംഎല്‍എമാര്‍ ആവശ്യപ്പെട്ടു. സമാനമായ പ്രതിസന്ധിയാണ് ബീഹാറില്‍ നിധീഷ് കുമാറിന്‍റെ ഐക്യജനതാദളും നേരിടുന്നത്. സംസ്ഥാനത്തെ മുഖ്യ പ്രതിപക്ഷമായ ആര്‍ജെഡി വിഷയത്തില്‍ നിലപാട് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടു.
വരാനിരിക്കുന്ന ബീഹാര്‍, പശ്ചിമ ബംഗാള്‍, അസം തുടങ്ങിയ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പ്രതിപക്ഷം പ്രധാന വിഷയമായി ഓര്‍ഡിനന്‍സ് അവതരിപ്പിക്കും. ഇത് മുന്‍കൂട്ടി കണ്ടുകൊണ്ടാണ് സർക്കാർ എന്നും കര്‍ഷകര്‍ക്കൊപ്പമാണെന്നും വ്യാജ പ്രചാരണങ്ങളിൽ വീണ് വഞ്ചിതരാകരുതെന്നും പ്രധാനമന്ത്രി പറഞ്ഞത്.
കൃഷിക്കാർക്ക് ഉത്പന്നങ്ങൾ വിറ്റഴിക്കാനും ന്യായവില ലഭ്യമാക്കാനും ബിൽ സഹായിക്കുമെന്നാണ് കേന്ദ്രസർക്കാർ വാദം. എന്നാല്‍ ഓർഡിനൻസ് നിയമമായാൽ അത് കാർഷിക വിളകൾക്ക് സർക്കാർ നൽകിക്കൊണ്ടിരിക്കുന്ന താങ്ങുവില സമ്പ്രദായം ഇല്ലാതാകുമെന്നാണ് കർഷകർ ഭയക്കുന്നത്.