India

കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പോരാട്ടത്തില്‍ കര്‍ഷകര്‍ക്കൊപ്പം രാജ്യം മുഴുവനുമുണ്ട്; പ്രിയങ്കാ ഗാന്ധി

കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷകരുടെ പോരാട്ടത്തില്‍ രാജ്യം മുഴുവനും ഒപ്പമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. ‘കര്‍ഷകര്‍ രാജ്യത്തിന്റെ ശബ്ദവും അഭിമാനവുമാണ്. ഒരു ശക്തിക്കും അവരുടെ അവകാശത്തിന് വേണ്ടിയുള്ള ശബ്ദത്തെ തകര്‍ക്കാന്‍ കഴിയില്ല. എല്ലാ ഇന്ത്യക്കാരും കര്‍ഷകര്‍ക്കൊപ്പമുണ്ട്’. പ്രിയങ്കാ ഗാന്ധി ട്വീറ്റ് ചെയ്തു.

മുസാഫര്‍ നഗര്‍ കിസാന്‍ മഹാ പഞ്ചായത്ത് എന്ന ഹാഷ് ടാഗോടുകൂടിയായിരുന്നു പ്രിയങ്കയുടെ ട്വീറ്റ്. കേന്ദ്രത്തിന്റെ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സംയുക്ത കിസാന്‍ മോര്‍ച്ച മുസാഫര്‍ നഗറില്‍ കിസാന്‍ മഹാ പഞ്ചായത്ത് എന്ന പേരില്‍ പ്രതിഷേധ പരിപാടികള്‍ നടത്തി.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ജനുവരി 22നാണ് അവസാനമായി കേന്ദ്രസര്‍ക്കാരും കര്‍ഷക സംഘടനകളും ചര്‍ച്ച നടത്തിയത്. ഇതുവരെ 11 പ്രാവശ്യം ചര്‍ച്ച നടത്തിയെങ്കിലും നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന് കേന്ദ്രം ഉറച്ച നിലപാട് സ്വീകരിച്ചതോടെ സമരവുമായി കര്‍ഷകര്‍ മുന്നോട്ടുപോകുകയാണ്. പഞ്ചാബ്, ഹരിയാന, ഛണ്ഡിഗഡ്, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളില്‍ കര്‍ഷകര്‍ നടത്തുന്ന സമരം എട്ടുമാസം പിന്നിട്ടുകഴിഞ്ഞു.