രാഹുല്‍ ഗാന്ധിക്ക് പിന്നാലെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവമായി പ്രിയങ്ക ഗാന്ധിയും. രണ്ട് ദിവസത്തെ പ്രചരണത്തിനായി അസമിലെത്തിയ പ്രിയങ്ക തോട്ടം തൊഴിലാളികളുമായും സംവദിച്ചും നൃത്തം ചെയ്തുമാണ് അവര്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്നത്.
ബിശ്വനാഥിലെ തോട്ടം തൊഴിലാളികളുമായി സംസാരിച്ച പ്രിയങ്ക അവര്‍ക്കൊപ്പം തേയില നുള്ളാനും കൂടി. തേയിലക്കൊട്ട തലയിലൂടെ തൂക്കിയിട്ട് തേയില നുള്ളുന്ന പ്രിയങ്കയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. തേയില നുള്ളുന്നതെങ്ങിനെയെന്ന് തൊഴിലാളികള്‍ പ്രിയങ്കക്ക് കാണിച്ചുകൊടുക്കുന്നുമുണ്ട്. തോട്ടം തൊഴിലാളികളില്‍ നിന്നും ഹൃദ്യമായ സ്വീകരണമാണ് പ്രിയങ്കക്ക് ലഭിച്ചത്.
മാര്‍ച്ച് 27ന് ആരംഭിക്കുന്ന മൂന്നാം ഘട്ട നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായുള്ള പ്രചരണത്തില്‍ പങ്കെടുക്കാനാണ് പ്രിയങ്ക അസമിലെത്തിയത്. പ്രദേശവാസികള്‍ക്കൊപ്പം അവരുടെ പരമ്പരാഗത ചടങ്ങുകളിലും പ്രിയങ്ക പങ്കെടുത്തു. കഴിഞ്ഞ ദിവസം ലാകിംപൂരിലെ ആദിവാസികളായ തൊഴിലാളികള്‍ക്കൊപ്പം അവരുടെ പരമ്പരാഗത നൃത്തരൂപമായ ‘ജുമൂര്‍’ഡാന്‍സ് കളിക്കുന്ന പ്രിയങ്കയുടെ വീഡിയോ ശ്രദ്ധ നേടിയിരുന്നു. അസമിലെ പ്രധാന വോട്ട് ബാങ്കാണ് പത്ത് ലക്ഷത്തോളം വരുന്ന ഈ തേയിലത്തൊഴിലാളികള്‍. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കോണ്‍ഗ്രസ് വോട്ടുകള്‍ ബി.ജെ.പിയിലേക്ക് മറിയുന്ന കാഴ്ചയാണ് കണ്ടുവരുന്നത്.