സോന്‍ഭദ്രയിൽ വെടിയേറ്റ് കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ അനുമതി നിഷേധിച്ചതില്‍ പ്രതിഷേധം ശക്തമാക്കി പ്രിയങ്ക ഗാന്ധി. പ്രിയങ്കയെ കാണാന്‍ ചുനാര്‍ ഗസ്റ്റ് ഹൌസില്‍ എത്തിയ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെയും പൊലീസ് തടഞ്ഞു. സോന്‍ഭദ്ര സന്ദര്‍ശനത്തിനായി വാരണാസി വിമാനത്താവളത്തിലെത്തിയതൃണമൂല്‍ കോണ്‍ഗ്രസ് സംഘത്തിനും പൊലീസ് അനുമതി നിഷേധിച്ചു. സംഭവം അന്വേഷിക്കുന്ന പട്ടിക വര്‍ഗ കമ്മീഷന്‍ സംഘം ഇന്ന് സോന്‍ഭദ്ര സന്ദര്‍ശിക്കും.
സോന്‍ഭദ്രയില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ കാണാതെ മടങ്ങില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുയാണ് പ്രിയങ്ക ഗാന്ധി. പൊലീസ് മുന്നോട്ട് വച്ച ജാമ്യവ്യവസ്ഥകളും തള്ളി. പൊലീസ് അറസ്റ്റ് ചെയ്ത ശേഷം എത്തിച്ച ചുനാര്‍ ഗസ്റ്റ് ഹൌസിലെ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. ഇതിനിടെ ചുനാര്‍ ഗസ്റ്റ് ഹൌസില്‍ പ്രിയങ്കയെ കാണാനെത്തിയ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ പൊലീസ് തടഞ്ഞു. ഗസ്റ്റ് ഹൗസിലെ വൈദ്യുതിയും വെള്ളവും വിഛേദിച്ച് പ്രിയങ്ക ഗാന്ധിയെയും കോൺഗ്രസ് പ്രവർത്തകരെയും ഒഴിപ്പിക്കാനുള്ള പൊലീസ് നീക്കവും ഫലം കണ്ടില്ല.
പ്രിയങ്കക്ക് പിന്തുണയുമായി ഭൂപേഷ് ബാഗൽ, ജിതിൻ പ്രസാദ്,ആര്‍.പി.എന്‍ സിങ്, ദീപേന്ദർ ഹൂഡ തുടങ്ഹി കൂടുതല്‍ നേതാക്കള്‍ ചുനാർ ഗസ്റ്റ് ഹൗസിലേക്ക് എത്തുന്നുണ്ട്. പ്രമോദ് തിവാരിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് നേതാക്കളുടെ സംഘം പൊലീസ് നടപടിക്കെതിരെ ഗവർണര്‍ക്ക് പരാതി നല്‍കി. ഡെറിക് ഒബ്രിയന്റെ നേതൃത്വത്തില്‍ സോണ്‍ഭദ്ര സന്ദര്‍ശനത്തിനെത്തിയ ത്രിണമൂല്‍ കോണ്‍ഗ്രസ് എംപിമാരെയും പൊലീസ് തടഞ്ഞു. വരണാസി വിമാനത്താവളത്തില്‍ വച്ചാണ് തടഞ്ഞത്.