കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് തിങ്കളാഴ്ച അസമിലെത്തും. രണ്ട് ദിവസത്തെ സന്ദർശന വേളയിൽ, ബ്രഹ്മപുത്ര നദിയുടെ വടക്കൻ തീരത്തെ ജില്ലകളിൽ പ്രിയങ്ക പ്രചാരണത്തിന് നേതൃത്വം നൽകും.
ഗുവാഹത്തിയിലെത്തുന്ന പ്രിയങ്ക ആദ്യം കാമാഖ്യ ക്ഷേത്രത്തിൽ പ്രാർഥന നിർവഹിക്കും. തുടർന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ലഖിംപുരിലേക്ക് പുറപ്പെടും. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കടുത്ത പ്രതിഷേധത്തിന് സാക്ഷ്യം വഹിച്ച മേഖലയാണ് അസമിലെ വടക്കൻ ഭാഗങ്ങൾ. 2019ൽ സി.എ.എക്കെതിരെ ഇവിടെ രണ്ടുമാസം നീണ്ടുനിന്ന പ്രക്ഷോഭങ്ങൾ അരങ്ങേറിയിരുന്നു. എന്നാൽ, ജനവികാരം സർക്കാറിനെതിരായതോടെ നിരവധി വികസന പദ്ധതികളാണ് ബി.ജെ.പി ഇവിടെ പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തുടർച്ചയായ മൂന്ന് സന്ദർശനങ്ങൾക്ക് ശേഷമാണ് പ്രിയങ്ക ഗാന്ധി അസമിലെത്തുന്നത്. ലഖിംപുർ, ബിഹ്പുരിയ, ബിസ്വനഥ്, തേസ്പൂർ എന്നീ നാല് നിയമസഭ മണ്ഡലങ്ങളിൽ പ്രിയങ്ക പ്രചാരണം നടത്തും.