India National

പ്രിയങ്ക ഗാന്ധി പേര് മാറ്റണം, പുതിയ പേര് നിര്‍ദേശിച്ച് കേന്ദ്രമന്ത്രി

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരായ കാവി പരാമര്‍ശത്തില്‍ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കെതിരെ കേന്ദ്രമന്ത്രി സാധ്വി നിരഞ്ജൻ ജ്യോതി രംഗത്ത്. കാവി എന്താണെന്ന് മനസിലാക്കാൻ പ്രിയങ്കക്ക് കഴിയില്ലെന്നും അവരുടെ പേര് “ഫിറോസ് പ്രിയങ്ക” എന്നാക്കി മാറ്റണമെന്നുമാണ് ജ്യോതിയുടെ പ്രതികരണം. “പ്രിയങ്ക ഗാന്ധിക്ക് കാവി എന്താണെന്ന് മനസിലാക്കാൻ കഴിയില്ല. കാരണം അവര്‍ ഒരു വ്യാജ ഗാന്ധിയാണ്. അവരുടെ പേരിൽ നിന്ന് ഗാന്ധിയെ മാറ്റി പകരം ഫിറോസ് പ്രിയങ്ക എന്നാക്കണം,” ജ്യോതി പറഞ്ഞു.

കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കുന്നതിനാലാണ് പ്രിയങ്കയ്ക്ക് യോഗി സർക്കാരിനെ പിടിക്കാത്തത്. കലാപകാരികളുടെ പിന്നിൽ താനാണോയെന്ന് പ്രിയങ്ക വ്യക്തമാക്കണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. ‘കാവി’യെക്കുറിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി കൂടുതൽ പഠിക്കേണ്ടതുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കാണുന്നതെല്ലാം വ്യാജമാണെന്ന് കരുതുന്ന, വ്യാജ നാമധാരി അവര്‍ക്ക് പറ്റിയ രീതിയിലാണ് യോഗിയെ വിമര്‍ശിച്ചതെന്നും മന്ത്രി പറഞ്ഞു. കാവി എന്നത് അറിവിന്റെയും ഒരുമയുടെയും അടയാളമാണ്. നിരപരാധികളെ മർദ്ദിക്കുകയും പൊലീസിന് നേരെ കല്ലെറിയുകയും ചെയ്തവരെ ശിക്ഷിക്കണോ വേണ്ടയോ എന്ന് പ്രിയങ്ക പറയണം. നിങ്ങളാണ് സി‌.എ‌.എ വിരുദ്ധ പ്രക്ഷോഭകരോട് തെരുവിലിറങ്ങാന്‍ ആവശ്യപ്പെട്ടതെന്നും മന്ത്രി പറഞ്ഞു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവരോടുള്ള മുഖ്യമന്ത്രി ആദിത്യനാഥിന്റെ പ്രതികാരമാണ് യു.പി പൊലീസിന്റെ നടപടികളിലൂടെ വ്യക്തമാകുന്നതെന്ന് പ്രിയങ്ക ആരോപിച്ചിരുന്നു. ഹിംസാത്മക പ്രവൃത്തികള്‍ ചെയ്യുന്ന യോഗിക്ക് സന്യാസികളുടെ വേഷം ചേരില്ലെന്നായിരുന്നു പ്രിയങ്കയുടെ പരിഹാസം. നിയമപരമല്ലാത്തതും അരാജകത്വത്തിലേക്ക് നയിക്കുന്നതുമായ നിരവധി നടപടികളാണ് യു.പിയില്‍ സംസ്ഥാന സര്‍ക്കാരും പൊലീസും സ്വീകരിച്ചു വരുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവരോട് തന്റെ സര്‍ക്കാര്‍ പ്രതികാരം ചെയ്യുമെന്ന ആദിത്യനാഥിന്റെ പ്രസ്താവനയെ സൂചിപ്പിച്ചാണ് പ്രിയങ്ക ഇങ്ങനെ പറഞ്ഞത്.