India National

രാമക്ഷേത്ര ഭൂമിപൂജ ദേശീയ ഐക്യത്തിനുള്ള അവസരമാകട്ടെ: പ്രിയങ്ക ​ഗാന്ധി

ഭൂമിപൂജക്ക് ആശംസകളുമായി എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ​ഗാന്ധി

അയോധ്യയിലെ രാമക്ഷേത്ര ഭൂമിപൂജക്ക് ആശംസകളുമായി എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ​ഗാന്ധി. ഭൂമി പൂജ ദേശീയ ഐക്യത്തിനും സാഹോദര്യത്തിനും സാംസ്‌കാരിക കൂട്ടായ്മയ്ക്കുമുള്ള അവസരമാകട്ടെയെന്ന് പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു.

ധൈര്യവും ത്യാഗവും ലാളിത്യവും പ്രതിബദ്ധതയുമാണ് രാമന്‍. രാമന്‍ എല്ലാവര്‍ക്കുമൊപ്പമുണ്ട്. എവിടെയുമുണ്ടെന്നും പ്രിയങ്ക പറഞ്ഞു.

നേരത്തെ മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥും ദി​ഗ്‍വിജയ് സിങും രാമക്ഷേത്ര നിര്‍മാണത്തെ സ്വാ​ഗതം ചെയ്തിരുന്നു. എന്നാൽ നെഹ്റു കുടുംബത്തിൽ നിന്നുള്ള ആദ്യ പ്രതികരണം പ്രിയങ്കയുടേതാണ്.

നാളെയാണ് അയോധ്യയിലെ ഭൂമിപൂജയും ശിലാസ്ഥാപനവും. വൈകിട്ട് 5 മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രാർഥനയോടെ ചടങ്ങുകൾക്ക് തുടക്കം കുറിക്കും. കേന്ദ്രം പുറത്തിറക്കിയ മൂന്നാംഘട്ട ലോക്ഡൗൺ ഇളവുകളിൽ മതപരമായ പൊതുപരിപാടികൾക്ക് അനുമതിയില്ലെങ്കിലും പ്രത്യേക ഇളവ് നൽകിയാണ് നാളെ രാമക്ഷേത്രത്തിന്‍റെ തറക്കല്ലിടല്‍ നടത്തുന്നത്. 175 പേർ ചടങ്ങിൽ പങ്കെടുക്കും. വെള്ളി കൊണ്ട് നി൪മിച്ച ഇരുപത്തിരണ്ടര കിലോയിലധികം ഭാരമുള്ള കല്ലുപയോഗിച്ചാണ് തറക്കല്ലിടുക.

ചടങ്ങിൽ പങ്കെടുക്കേണ്ടിയിരുന്ന രണ്ട് പൂജാരിമാർക്കും സുരക്ഷാ ചുമതലയിലുണ്ടായിരുന്ന 16 പൊലീസുകാർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. മുഖ്യപൂജാരി സ്വയം നിരീക്ഷണത്തിലാണ്. എന്നാൽ ചടങ്ങ് മാറ്റിവെയ്ക്കില്ലെന്നും സുരക്ഷ ഉറപ്പാക്കി നടത്തുമെന്നും ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു.