ഉത്തര്‍ പ്രദേശിലെ ചുനാര്‍ ഗസ്റ്റ് ഹൌസില്‍ ഇന്നലെ മുതല്‍ നടത്തിവന്ന പ്രതിഷേധം എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി അവസാനിപ്പിച്ചു. സൊന്‍ഭദ്രയില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ യു.പി പൊലീസ് പ്രിയങ്കയെ അനുവദിക്കാത്തതിനെ തുടര്‍ന്നായിരുന്നു പ്രതിഷേധം.
കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ ചുനാര്‍ ഗസ്റ്റ് ഹൌസില്‍ പ്രിയങ്കയെ കാണാന്‍ എത്തി. കുറച്ചു പേരെ മാത്രമാണ് പൊലീസ് കടത്തിവിട്ടത്. ഇവരുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് ധര്‍ണ അവസാനിപ്പിച്ച് ഡല്‍ഹിയിലേക്ക് മടങ്ങാന്‍ പ്രിയങ്ക തീരുമാനിച്ചത്. ഇപ്പോള്‍ തിരിച്ചുപോകുന്നുവെങ്കിലും കൊല്ലപ്പെട്ടവരുടെ എല്ലാ ബന്ധുക്കളെയും കാണാന്‍ തിരിച്ച് വരുമെന്ന് പ്രിയങ്ക വ്യക്തമാക്കി.
24 മണിക്കൂര്‍ നീണ്ട കുത്തിയിരിപ്പ് സമരത്തിനൊടുവിലാണ് പ്രിയങ്കയുടെ ആവശ്യം അംഗീകരിക്കാന്‍ അധികൃതര്‍ തയ്യാറായത്. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ കാണാനുള്ള യാത്രക്കിടെ പ്രിയങ്കയെ കസ്റ്റഡിയിലെടുത്ത പൊലീസ് ചുനാര്‍ ഗസ്റ്റ് ഹൌസിലേക്ക് മാറ്റുകയായിരുന്നു. പ്രിയങ്ക അവിടെയും പ്രതിഷേധ സമരം തുടരുകയായിരുന്നു.
ഇന്ന് രാവിലെ സൊന്‍ഭദ്രയിലേക്ക് തിരിച്ച തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരുടെ സംഘത്തെ വരാണസി വിമാനത്താവളത്തില്‍ തടഞ്ഞുവെക്കുകയുണ്ടായി. ഇതേ തുടര്‍ന്ന് ഇവര്‍ വിമാനത്താവളത്തിലിരുന്ന് പ്രതിഷേധിക്കുകയാണ്. ബി.എസ്.പി നേതാവ് മായാവതിയും പ്രവര്‍ത്തകരോട് സൊന്‍ഭദ്രയിലേക്ക് പോയി കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.
സൊന്‍ഭദ്ര ജില്ലയില്‍ ഉഭ ഗ്രാമത്തില്‍ ബുധനാഴ്ചയാണ് വെടിവെപ്പില്‍ മൂന്ന് സ്ത്രീകളുള്‍പ്പെടെ 10 പേര്‍ കൊല്ലപ്പെട്ടത്. ഗ്രാമമുഖ്യനായ യാഗ്യ ദത്ത് രണ്ട് വർഷം മുമ്പ് വാങ്ങിയ 36 ഏക്കർ ഭൂമിയിൽ എത്തിയപ്പോൾ ഗ്രാമീണർ പ്രതിഷേധവുമായി രംഗത്തുവന്നു. ഇതോടെ ഗ്രാമമുഖ്യനൊപ്പമുണ്ടായിരുന്നവർ വെടിവെക്കുകയായിരുന്നു.