കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഗംഗ യാത്രക്ക് ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ തുടക്കമായി. ഗംഗ നദിയിലൂടെ ബോട്ടില്‍ മൂന്ന് ദിവസം നീളുന്നതാണ് പര്യടനം. മോദിയുടെ മണ്ഡലമായ വാരണാസിയിലെ പൊതുപരിപാടിയോടെ ഗംഗ യാത്ര അവസാനിക്കും.
മൂന്ന് ദിവസങ്ങളിലായി 140 കിലോമീറ്റര്‍ നീളുന്നതാണ് പ്രിയങ്ക ഗാന്ധിയുടെ ഗംഗ യാത്ര. പ്രയാഗ് രാജിലെ മന്യയില്‍ നിന്ന് തുടങ്ങി. മോദിയുടെ മണ്ഡലമായ വാരണാസിയില്‍ ഹോളിയുടെ തലേന്ന് യാത്ര അവസാനിക്കും. പ്രയാഗ് രാജിലെ ഹനുമാന്‍ ക്ഷേത്രത്തിലും ത്രിവേണി സംഗമത്തിലും പൂജ നടത്തിയാണ് പ്രിയങ്കയുടെ ഗംഗ യാത്ര ആരംഭിച്ചത്.
ഇന്നലെ ലക്‌നൗവിലെ പാര്‍ട്ടി ആസ്ഥാനത്തെത്തിയ പ്രിയങ്ക സ്ഥാനാര്‍ത്ഥികളുമായും പാര്‍ട്ടി പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിരുന്നു. മോദി സര്‍ക്കാരിന്റെ അഴിമതികളും ജനവിരുദ്ധ നയങ്ങളും തുറന്നുകാട്ടിയുള്ള യാത്രയില്‍ പുണ്യനദിയായ ഗംഗയെ ശുചീകരിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെന്നതടക്കമുള്ള വിഷയങ്ങളും ഉയര്‍ത്തിക്കാട്ടും. ഗംഗയുടെ നദീതീരങ്ങളില്‍ താമസിക്കുന്ന പിന്നോക്ക വിഭാഗക്കാര്‍ അടക്കമുള്ളവരുമായി സംവദിക്കാനും യാത്രയിലൂടെ കോണ്‍ഗ്രസ് ജനറല്‍സെക്രട്ടറി ഉദ്ദേശിക്കുന്നുണ്ട്.
ഇന്ന് യു.പിയിലെ വിദ്യാര്‍ത്ഥികളുമായി പ്രിയങ്ക ബോട്ട് പേ ചര്‍ച്ച നടത്തും. അതേസമയം യു.പിയില്‍ എസ്.പി- ബി.എസ്.പി സഖ്യത്തിലെ പ്രമുഖ നേതാക്കള്‍ മത്സരിക്കുന്ന ഏഴ് സീറ്റുകളില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ലെന്ന കോണ്‍ഗ്രസിന്റെ തീരുമാനം സഖ്യമായി തെറ്റിദ്ധരിക്കേണ്ടെന്ന് ബി.എസ്.പി നേതാവ് മായാവതി പറഞ്ഞു. കോണ്‍ഗ്രസിന് എല്ലാ സീറ്റിലും മത്സരിക്കാമെന്നും മായാവതി ട്വീറ്റ് ചെയ്തു.