കോൺഗ്രസ് അധ്യക്ഷ പദത്തിലേക്ക് സമവായ നീക്കമെന്ന നിലയിൽ പ്രിയങ്ക ഗാന്ധിയുടെ പേരുയർത്തി മുതിർന്ന നേതാക്കൾ. പ്രവർത്തക സമിതിയിൽ നിർദേശം പങ്കുവക്കും. കർണാടക പ്രതിസന്ധി അവസാനിക്കുകയാണെങ്കിൽ ഈ മാസം 22 ന് പ്രവർത്തക സമിതി ചേരും.
രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ പദത്തിൽ നിന്ന് രാജി പ്രഖ്യാപിച്ചിട്ട് 50 ദിവസം കഴിഞ്ഞു. അഹമ്മദ് പട്ടേലിന്റെ നേതൃത്വത്തിൽ മുതിർന്ന നേതാക്കൾ പല തവണ യോഗം ചേർന്നെങ്കിലും ഫലമുണ്ടായില്ല. അധ്യക്ഷനായി യുവ നേതാവ് വേണം, പരിചയ സമ്പന്നൻ വേണം എന്നിങ്ങനെ രണ്ട് തട്ടിലാണ് നേതാക്കൾ. ഈ സാഹചര്യത്തിലാണ് പ്രിയങ്ക ഗാന്ധിയുടെ പേരുയർത്തിയുള്ള സമവായ നീക്കം.
യുവ നേതൃത്വം, ഗാന്ധി കുടുംബാംഗം, നേതൃപാടവം എന്നിവ പാർട്ടിയെ ശക്തിപെടുത്താൻ ഉതകുമെന്നാണ് മുതിർന്ന നേതാക്കളുടെ വിശ്വാസം. ഗാന്ധി കുടുംബത്തിന് പുറത്തു നിന്ന് അധ്യക്ഷനെ കണ്ടെത്തണമെന്ന രാഹുലിന്റെ കർശന നിർദേശം ഉള്ളതിനാൽ അഭിപ്രായം തുറന്ന് പറയാൻ നേതാക്കൾ തയ്യാറല്ല.
നേരത്തെ നടന്ന ചർച്ചകളിൽ സുശീൽ കുമാർ ഷിൻഡെ, മല്ലികാർജുൻ ഖാർഗെ, മുകുൾ വാസ്നിക്, സച്ചിൻ പൈലറ്റ്, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരുടെ പേരുകൾ ഉയർന്നിരുന്നു. അധ്യക്ഷ തെരഞ്ഞെടുപ്പ് നീണ്ടുപോകുന്നതിൽ പാർട്ടിയിൽ അതൃപ്തി ശക്തമായതിനാൽ പ്രവർത്തക സമിതി യോഗം ഉടൻ ചേരും.