കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിക്ക് ആഗ്രയിലേക്ക് പോകാന്‍ യുപി പൊലീസ് അനുമതി നല്‍കി. ആഗ്രയില്‍ കസ്റ്റഡിയില്‍ മരിച്ചയാളുടെ കുടുംബത്തെ സന്ദര്‍ശിക്കാനാണ് അനുമതി നല്‍കിയത്. പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെ നാല് പേര്‍ക്കാണ് അനുമതിയുള്ളത്. കസ്റ്റഡിയിലെടുത്ത പ്രിയങ്കയെ യുപി പൊലീസ് വിട്ടയച്ചു.
ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലു, ആചാര്യപ്രമോദ്, ദീപക് സിംഗ് എന്നിവര്‍ക്കാണ് അനുമതി ലഭിച്ചത്. ആഗ്രയില്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ചയാളുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പുറപ്പെട്ടതായിരുന്നു പ്രിയങ്ക ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ലഖ്‌നൗ-ആഗ്ര എക്‌സ്പ്രസ് വേയില്‍ പ്രിയങ്കാ ഗാന്ധിയുടെ വാഹനവ്യൂഹം യുപി പൊലീസ് തടയുകയായിരുന്നു. തുടര്‍ന്ന് പൊലീസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റലും കയ്യാങ്കളിയുമുണ്ടായി. ഇതോടെ പൊലീസ് പ്രിയങ്കയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇതിനുപിന്നാലെ നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകമാണെന്ന പ്രതികരണവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തെത്തി.
ചൊവ്വാഴ്ചയാണ് ആഗ്രയില്‍ 25 ലക്ഷംരൂപ മോഷ്ടിച്ചെന്ന കേസില്‍ അരുണ്‍ വാത്മീകിയെന്ന ശുചീകരണ തൊഴിലാളിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയില്‍ വെച്ച് മരണപ്പെട്ടതോടെ പൊലീസ് മര്‍ദനമാണ് മരണകാരണമെന്നാരോപിച്ച് മരിച്ചയാളുടെ കുടുംബം രംഗത്തെത്തി. ഇയാളുടെ വീട്ടില്‍ സന്ദര്‍ശിക്കാനത്തിയ പ്രിയങ്ക ഗാന്ധിയെ തടയുകയും ഒരു കാരണവശാലും പ്രദേശത്തേക്ക് കടത്തിവിടാന്‍ അനുവദിക്കില്ലെന്നും യുപി പൊലീസ് നിലപാടെടുക്കുകയായിരുന്നു.