India

പ്രിയങ്കയുടെ ചിത്രങ്ങളുമായി പത്തു ലക്ഷം കലണ്ടറുകള്‍; യുപിയില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയോ?

ലഖ്‌നൗ: അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പ്രിയങ്കാ ഗാന്ധിയുടെ ചിത്രങ്ങള്‍ അടങ്ങുന്ന കലണ്ടര്‍ അച്ചടിച്ച് കോണ്‍ഗ്രസ്. പ്രിയങ്കയുടെ മുഴുനീള ചിത്രമുള്ള 12 പേജുള്ള പത്തു ലക്ഷം കലണ്ടറാണ് സംസ്ഥാനത്ത് വിതരണം ചെയ്യുന്നത്. തെരഞ്ഞെടുപ്പില്‍ പ്രിയങ്ക കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് ശക്തി പകരുന്നതാണ് കലണ്ടര്‍ വിതരണം.

യുപിയില്‍ നിന്നുള്ള ചിത്രങ്ങളാണ് കലണ്ടറില്‍ നിറയെ. സോന്‍ഭദ്രയിലെ ആദിവാസി സ്ത്രീകളുമായി സംസാരിക്കുന്നത്, അമേഠിയിലെ സ്ത്രീകളുമായി ആശയവിനിമയം നടത്തുന്നത്, ഉജ്ജയ്‌നിലെ മഹകാല്‍ ക്ഷേത്രത്തില്‍ പൂജ നടത്തുന്നത്, ലഖ്‌നൗവിലെ ഗാന്ധി ജയന്തി ദിനത്തില്‍ പങ്കെടുക്കുന്നത്, വാരാണസിയിലെ രവിദാസ് ജയന്തിയില്‍ പങ്കെടുക്കുന്നത്, ഹാഥ്‌റസ് ഇരയുടെ ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്തുന്നത്, തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുന്നത്, അസംഗഡില്‍ കുട്ടികളുമായി സംസാരിക്കുന്നത്… ഇങ്ങനെ കൃത്യമായ രാഷ്ട്രീയം പറയുന്നതാണ് കലണ്ടറിലെ ഉള്ളടക്കം.

നേരത്തെ, സഹോദരന്‍ രാഹുല്‍ ഗാന്ധി സ്വന്തം മണ്ഡലമായ വയനാട്ടിലും സമാനമായ രീതിയില്‍ കലണ്ടര്‍ വിതരണം ചെയ്തിരുന്നു. എന്നാല്‍ രാഹുലിന്റെ കലണ്ടറില്‍ വയനാട്ടില്‍ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട ആളുകളുടെ ചിത്രമാണ് ഇടംപിടിച്ചിരുന്നത്.

ലഖ്‌നൗവിലേക്ക് താമസം മാറുന്നു

പാര്‍ട്ടി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രിയങ്ക വൈകാതെ ലഖ്‌നൗവിലേക്ക് താമസം മാറ്റുമെന്നാണ് കരുതപ്പടുന്നത്. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

ജവാഹര്‍ലാല്‍ നെഹ്രുവിന്റെ ഭാര്യാ സഹോദരന്‍ കൈലാസ് നാഥ് കൗളിന്റെ ഭാര്യയായ ഷീല കൗളിന്റെ ലഖ്നൗവിലെ വീടാണ് പ്രിയങ്ക താമസത്തിനായി തെരഞ്ഞെടുത്തിട്ടുള്ളത്. പഞ്ചായത്തുതലംമുതല്‍ യോഗം വിളിക്കാനും പാര്‍ട്ടിയെ ശക്തിപ്പെടുത്താനും പ്രിയങ്ക പാര്‍ട്ടിനേതാക്കളോട് ആഹ്വാനംചെയ്തിട്ടുണ്ട്.യോഗങ്ങളില്‍ താന്‍ അപ്രതീക്ഷിതമായി എത്തുമെന്നും പ്രിയങ്ക അറിയിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് ആവുമ്പോഴേക്കും പാര്‍ട്ടിയെ പൂര്‍ണമായും സജ്ജമാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് പ്രിയങ്ക ആസൂത്രണം ചെയ്യുന്നത്. ഇതിന്റെ ഭാഗമായി ജനുവരി 12ന് യുപി കോണ്‍ഗ്രസ് നൗകരി സംവാദ് എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചിരുന്നു. ഗ്രാമീണ തലത്തില്‍ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിനായി എണ്ണായിരം ന്യായ് പഞ്ചായത്തുകള്‍ക്ക് കോണ്‍ഗ്രസ് രൂപം നല്‍കിയിട്ടുണ്ട്.