തന്റെ മക്കളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ കേന്ദ്ര സർക്കാർ ഹാക്ക് ചെയ്യുകയാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ആരോപിച്ചു. യു.പിയിൽ പ്രധാനമന്ത്രി പങ്കെടുത്ത സ്ത്രീ ശാക്തീകരണ പരിപാടിക്ക് പിന്നാലെ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ആരോപണം ഉന്നയിച്ചത്.
‘ഫോൺ ചോർത്തൽ അവിടെ നിക്കട്ടെ, സർക്കാർ എന്റെ മക്കളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ ഹാക്ക് ചെയ്യുകയാണ്’ പ്രിയങ്ക പറഞ്ഞു. ‘നിങ്ങളുടെ ശക്തി തിരിച്ചറിയണമെന്ന് സ്ത്രീകളോട് ഞാൻ പറഞ്ഞിരുന്നു. അവർ അത് അനുസരിച്ചു. അതുകൊണ്ടാണ് ഇന്ന് പ്രധാനമന്ത്രി സ്ത്രീകളുടെ മുന്നിൽ തലകുനിച്ചത്. മോദി സർക്കാർ ഇന്ന് പുതിയ പദ്ധതികൾ ആവിഷ്കരിക്കുന്നു… പക്ഷേ എന്തുകൊണ്ട് നേരത്തെ ആയില്ല ? പ്രിയങ്ക ചോദിച്ചു.
ഉത്തർപ്രദേശ് സർക്കാർ തന്റെ ഫോൺ നിരന്തരം ചോർത്തുന്നുവെന്ന ആരോപണവും പ്രിയങ്ക ഉന്നയിച്ചു. യോഗി ആദിത്യനാഥ് സർക്കാർ ഇത്രയും ഭയക്കുന്നത് എന്തിനെന്നും പ്രിയങ്ക ചോദിച്ചു. യുപി സർക്കാരിനെതിരേ ഫോൺ ചോർത്തൽ ആരോപിച്ച് സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.