India

കൊവിഡിനെ പിടിച്ചുകെട്ടാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് മുന്‍ഗണന; കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതിയില്‍

കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുന്നതിനല്ല, ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനം തുടങ്ങി കൊവിഡിനെ പിടിച്ചുക്കെട്ടാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതിയില്‍. നഷ്ടപരിഹാരം നല്‍കാന്‍ പദ്ധതികള്‍ രൂപീകരിക്കാന്‍ കഴിയുമോയെന്ന് പരിശോധിക്കുന്നതായും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവേയാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രിം കോടതിയെ നിലപാട് അറിയിച്ചത്. നഷ്ട പരിഹാരം നല്‍കാന്‍ പണമില്ല എന്നതല്ല വിഷയമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനം, ഭക്ഷണം, എല്ലാവര്‍ക്കും വാക്‌സിന്‍, സാമ്പത്തിക രംഗത്തെ ഉത്തേജിപ്പിക്കല്‍ എന്നിവയ്ക്കായി പണം ചെലവാക്കുന്നതിലാണ് ഇപ്പോള്‍ മുന്‍ഗണനയെന്ന് കേന്ദ്രം വ്യക്തമാക്കി.

കേന്ദ്ര സര്‍ക്കാര്‍ വാദങ്ങളെ ഹര്‍ജിക്കാര്‍ എതിര്‍ത്തു. 2020 മാര്‍ച്ച് 14ന് കൊവിഡിനെ ദേശീയ ദുരന്തമായി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ചെയ്തിട്ടുണ്ട്. ദുരന്ത നിവാരണ നിയമപ്രകാരം നഷ്ടപരിഹാരത്തിന് പദ്ധതി രൂപീകരിക്കണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു.

അതേസമയം, കൊവിഡ് കാരണമുള്ള മരണങ്ങളില്‍ മരണസര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കണമെന്ന് കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. മരണ സര്‍ട്ടിഫിക്കറ്റില്‍ തിരുത്തല്‍ വരുത്താന്‍ കൃത്യമായ സംവിധാനമുണ്ടാകണമെന്നും ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. വാദമുഖങ്ങള്‍ പൂര്‍ത്തിയായതിനെ തുടര്‍ന്ന് പൊതുതാത്പര്യ ഹര്‍ജികള്‍ സുപ്രിംകോടതി വിധി പറയാന്‍ മാറ്റി.