India National

വിജയം ഉറപ്പായിരുന്നു; വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് മോദി വരാണസിയില്‍

തെരെഞ്ഞെടുപ്പ് വിജയത്തിന് ശേഷം വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് നരേന്ദ്രമോദി വരാണാസിയില്‍. കാശി വിശ്വനാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ മോദി ബി.ജെ.പി പ്രവര്‍ത്തകരെയും അഭിസംബോധന ചെയ്തു. താന്‍ ആദ്യം ബി.ജെ.പി പ്രവര്‍ത്തകന്‍ ആണെന്നും ശേഷമാണ് പ്രധാനമന്ത്രി എന്നും മോദി എന്നും പറഞ്ഞു.

ജന്മനാടായ ഗുജറാത്തിലെ സന്ദര്‍ശനത്തിന് ശേഷം ഇന്ന് രാവിലെയാണ് നരേന്ദ്രമോദി വരാണാസിയില്‍ എത്തിയത്. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷാ,മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ക്കൊപ്പം പിന്നീട് കാശി വിശ്വനാഥ ക്ഷേത്രം സന്ദര്‍ശിച്ചു. പ്രത്യേക പൂജാ കര്‍മ്മങ്ങള്‍ക്ക് ശേഷം ജനങ്ങളെ അഭിവാദ്യം ചെയ്ത് അവിടെ നിന്നും ബി.ജെ.പി കേന്ദ്രത്തിലേക്ക്. വരാണാസിയില്‍ തനിക്ക് വേണ്ടി പ്രവര്‍ത്തിച്ച പ്രവര്‍ത്തകരോട് മോദി നന്ദി രേഖപ്പെടുത്തിയ മോദി ചടങ്ങില്‍ അമിത്ഷായെയും അഭിനന്ദിച്ചു.

യോഗി ആദിത്യനാഥും അമിത്ഷായും ചടങ്ങില്‍ സംസാരിച്ചു. വരാണാസിയിലെ വോട്ടര്‍മാരെ മോദി വിശ്വസിച്ചു. അവരാ വിശ്വാസം കാത്തു എന്ന് അമിത്ഷാ പറഞ്ഞു. സത്യപ്രതിജ്ഞക്ക് മുന്നോടിയായാണ് മോദിയുടെ വരാണാസി സന്ദര്‍ശനം. ഈ മാസം മുപ്പതിനാണ് സത്യപ്രജ്ഞ നിശ്ചയിച്ചിരിക്കുന്നത്.