India National

കാര്‍ഷിക പരിഷ്കരണ ബില്ലിൽ രാഷ്ട്രപതി ഒപ്പുവെച്ചു

ബില്ലിന് അംഗീകാരം നല്‍കരുതെന്നും, പാര്‍ലമെന്റിന് തിരിച്ചയക്കണമെന്നും പ്രതിപക്ഷ എം.പിമാര്‍ പ്രസിഡന്റിനോട് ആവശ്യപ്പെട്ടിരുന്നു

കാര്‍ഷിക പരിഷ്കരണ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. രാജ്യവ്യാപകമായ പ്രതിഷേധങ്ങൾക്കിടെ ബില്ലില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവെച്ചു. ബില്ലിൽ ഒപ്പ് വെക്കരുതെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളിയാണ് പ്രസിഡന്റ് ബില്ലിന് അം​ഗീകാരം നൽകിയത്.

നാടകീയ രം​ഗങ്ങൾക്കൊടുവിൽ കഴിഞ്ഞ ആഴ്ച്ച ബിൽ രാജ്യസഭ പാസാക്കിയിരുന്നു. സഭയിൽ നടന്ന പ്രതിഷേധങ്ങളെ തുടർന്ന് പ്രതിപക്ഷ എം.പിമാരെ സസ്പെൻഡ് ചെയ്തതും രാഷ്ട്രീയ വിവാദമായി. പുതിയ ബിൽ കർഷക വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷ പ്രതിഷേധം. ബില്ലിനെതിരെ വ്യാപകമായ കർഷക രോഷവും ഉയർന്നിരുന്നു. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലാണ് സമരം ശക്തമായത്. അടുത്ത മാസം ഒന്ന് മുതൽ അനിശ്ചിതകാല സമരവും പഞ്ചാബിൽ വിവിധ കർഷക സംഘടനകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

ബില്ലിൽ പ്രതിഷേധിച്ച് ബി.ജെ.പി സഖ്യകക്ഷിയായ ശിരോമണി അകാലിദളിൽ നിന്നുള്ള കേന്ദ്രമന്ത്രി എം.പി ഹർസിമ്രത് കൗർ ബാദൽ രാജി വെച്ചിരുന്നു. കഴിഞ്ഞ ജൂണ്‍ അഞ്ച് മുതല്‍ കാര്‍ഷിക ഓര്‍ഡിനന്‍സിനെതിരെ ഹരിയാനയിലെയും പഞ്ചാപിലെയും കര്‍ഷകര്‍ സമരത്തിലായിരുന്നു.

ബില്ലിന് അംഗീകാരം നല്‍കരുതെന്നും, പാര്‍ലമെന്റിന് തിരിച്ചയക്കണമെന്നും പ്രതിപക്ഷ എം.പിമാര്‍ പ്രസിഡന്റിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ബിൽ ചരിത്രപരമായ മുന്നേറ്റമാണെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. പ്രതിപക്ഷം കർഷകരെ തെറ്റിധരിപ്പിക്കുകയാണെന്നും മോദി കുറ്റപ്പെടുത്തി.