India National

പ്രധാനമന്ത്രിയുടെ രണ്ടാമത്തെ വിമാനം ഡല്‍ഹിയിലെത്തി

വിമാനത്തിലെ സീറ്റുകളുടെ ഒരു ഭാഗം നീക്കംചെയ്ത ശേഷം ഈ സ്ഥലത്ത് ഓഫീസ്, മീറ്റിംഗ് റൂമുകൾ, ‘കിടപ്പറ’, പത്രസമ്മേളന മുറി, മെഡിക്കല്‍ സജ്ജീകരണങ്ങള്‍ എന്നിവയെല്ലാം പ്രത്യേകമായി ഉള്‍പ്പെടുത്തി

അത്യാധുനിക സുരക്ഷാ സംവിധാനങ്ങളും കണ്ണഞ്ചിപ്പിക്കുന്ന ആഢംബര സൗകര്യങ്ങളുമുള്ള ബോയിങ് 777 വിമാനങ്ങളില്‍ രണ്ടാമത്തെ വിമാനവും ഡല്‍ഹിയില്‍ പറന്നിറങ്ങി. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവര്‍ക്ക് സഞ്ചരിക്കാനായി ഇന്ത്യ വാങ്ങിയ രണ്ട് പുതുപുത്തന്‍ ബോയിങ് 777 വിമാനങ്ങളില്‍ രണ്ടാമത്തേതാണ് ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്തത്. ഈ വിമാനങ്ങളിൽ ആദ്യത്തേത് ഒക്ടോബർ ഒന്നിന് ന്യൂഡൽഹിയിൽ എത്തിയിരുന്നു.

വിപുലമായി പരിഷ്കരിച്ചാണ് ഈ വിമാനങ്ങള്‍ ഇന്ത്യയില്‍ എത്തിച്ചിരിക്കുന്നത്. വിമാനത്തിലെ സീറ്റുകളുടെ ഒരു ഭാഗം നീക്കംചെയ്ത ശേഷം ഈ സ്ഥലത്ത് ഓഫീസ്, മീറ്റിംഗ് റൂമുകൾ, ‘കിടപ്പറ’, പത്രസമ്മേളന മുറി, മെഡിക്കല്‍ സജ്ജീകരണങ്ങള്‍ എന്നിവയെല്ലാം പ്രത്യേകമായി ഉള്‍പ്പെടുത്തിയാണ് ബോയിങ് 777 സജ്ജമാക്കിയിരിക്കുന്നത്. അമേരിക്കയിലേക്ക് നിലംതൊടാതെ പറക്കാൻ കഴിയുന്ന ഇവ‍‍, ഈ മൂന്ന് ‘വിശിഷ്ടാതിഥികൾ’ക്കായി പ്രത്യേകം തയ്യാറാക്കിയ ആദ്യത്തെ വിമാനങ്ങളാണ്. നേരത്തെ ഇവര്‍ക്ക് യാത്ര ചെയ്യാന്‍ ഓരോ തവണയും എയര്‍ഇന്ത്യയോട് വിമാനം ആവശ്യപ്പെടേണ്ട സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്.

അത്യാധുനിക മിസൈല്‍ പ്രതിരോധ സംവിധാനമായ ലാര്‍ജ് എയര്‍ക്രാഫ്റ്റ് ഇന്‍ഫ്രാറെഡ് കൗണ്ടര്‍മെഷേഴ്‌സ് ഈ വിമാനത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്. മിസൈലുകളില്‍നിന്ന് സുരക്ഷ നല്‍കാനുള്ള സെല്‍ഫ് പ്രൊട്ടക്ഷന്‍ സ്യൂട്‌സും ഇതിലുണ്ട്. ഇന്ധനം തീര്‍ന്നാല്‍ ആകാശത്ത് വച്ചു തന്നെ നിറയ്ക്കാനും കഴിയും. പ്രത്യേക പരിശീലനം ലഭിച്ച വ്യോമസേനയുടെ പൈലറ്റുമാരാകും ഈ വിമാനങ്ങള്‍ പറത്തുക.