India

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ നില അതീവഗുരുതരം

ഡല്‍ഹിയിലെ ആര്‍.ആര്‍ സൈനികാശുപത്രിയിലാണ് അദ്ദേഹം ചികിത്സയില്‍ കഴിയുന്നത്

കോവിഡ് ബാധിച്ച് ഡല്‍ഹിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ നില അതീവഗുരുതരം.ഡല്‍ഹിയിലെ ആര്‍.ആര്‍ സൈനികാശുപത്രിയിലാണ് അദ്ദേഹം ചികിത്സയില്‍ കഴിയുന്നത്. തലച്ചോറില്‍ രക്തം കട്ടപിടിച്ച നിലയില്‍ തിങ്കളാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്.കഴിഞ്ഞ ദിവസം ശസ്ത്രക്രിയയിലൂടെ തലച്ചോറിൽ കട്ടപിടിച്ച രക്തം നീക്കിയിരുന്നു.

ഇപ്പോള്‍ വെന്‍റിലേറ്ററിലാണ് അദ്ദേഹം. ശസ്ത്രക്രിയക്ക് ശേഷവും അദ്ദേഹത്തിന്‍റെ നില വഷളായിരുന്നുവെന്നും ആരോഗ്യനിലയില്‍ പുരോഗതിയില്ലെന്നും ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി.

തനിക്ക് കോവിഡ് സ്ഥിരീകരിച്ചതായി അദ്ദേഹം തന്നെയാണ് ട്വീറ്റിലൂടെ ജനങ്ങളെ അറിയിച്ചത്. താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് തിങ്കളാഴ്ച ആശുപത്രി സന്ദര്‍ശിച്ച് അദ്ദേഹത്തിന്‍റെ രോഗവിവരങ്ങള്‍ തിരക്കിയിരുന്നു.