തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രതിപക്ഷം വ്യാപക പരാതി ഉന്നയിക്കുന്നതിനിടെ, വത്യസ്ത നിലപാടുമായി മുൻ രാഷ്ട്രപതി പ്രണബ് മുഖർജി. ലോക്സഭാ തെരഞ്ഞെടുപ്പ് കുറ്റമറ്റ രീതിയിൽ നടത്തിയ തെരഞ്ഞെടുപ്പ് കമ്മീഷനെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് പ്രണബ് മുഖർജി.
രാജ്യത്ത് ജനാധിപത്യം നിലനിൽക്കുന്നുണ്ട് എങ്കിൽ അത് രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളുടെ നല്ല രീതിയിലുള്ള നടത്തിപ്പ് കാരണമാണ്. സുകുമാർ സെൻ മുതൽ ഇന്നത്തെ തെരഞ്ഞെടുപ്പ് കമ്മീഷണർ വരെ തെരഞ്ഞെടുപ്പ് ചുമതല കൃത്യമായി തന്നെ നിർവഹിച്ചു എന്നും പ്രണബ് വ്യക്തമാക്കി.
രാജ്യത്തിന്റെ മൂന്നിൽ രണ്ട് ജനങ്ങളും പങ്കെടുത്ത തെരഞ്ഞെടുപ്പായിരുന്നു ഇത്. വളരെ കാലത്തിന് ശേഷം സാധാരണക്കാരനായി താൻ വോട്ട് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പിൽ, സ്ഥാപനങ്ങൾ മികച്ച രീതിയിൽ തന്നെ തെരഞ്ഞെടുപ്പ് നടത്തുകയുണ്ടായെന്നും കൂട്ടിച്ചേർത്തു.
മോദിക്കും അമിത് ഷാക്കും തുടർച്ചായി ക്ലീൻ ചിറ്റ് നൽകിയതും, തെരഞ്ഞെടുപ്പ് ഷെഡ്യൂൾ മാറ്റം വരുത്തിയതും നമോ ടിവി വിഷയത്തിലുമുൾപ്പടെ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഹുൽ ഗാന്ധി അടങ്ങുന്ന പ്രതിപക്ഷം രംഗത്ത് വന്നതിനിടെയാണ് കമ്മീഷനെ പ്രശംസിച്ച് മുതിർന്ന കോൺഗ്രസ് പ്രവർത്തകൻ കൂടിയായ പ്രണബ് മുഖര്‍ജിയുടെ വാക്കുകള്‍.