മുംബൈ ഭീകരാക്രമണ കേസിലെ പ്രതി അജ്മൽ കസബ് മുതൽ യാക്കൂബ് മേമൻ വരെയുള്ളവരുടെ ദയാഹരജികൾ തള്ളിയതിനെ കാരണം വ്യക്തമാക്കി മുൻ രാഷ്‌ട്രപതി പ്രണബ് മുഖർജിയുടെ പുസ്തകം. ഈയിടെ പുറത്തിറങ്ങിയ ‘ദി പ്രസിഡൻഷ്യൽ ഇയേഴ്സ്: 2012 – 2017 ” എന്ന പുസ്തകത്തിൻറെ അവസാന വാല്യത്തിലാണ് വിവരങ്ങളുള്ളത്.
“ഇത്ര ചെറുപ്രായമുള്ള ഒരു പയ്യൻ എങ്ങനെ ഇത്രയും ഭീകരമായ ഒരു കൃത്യം ചെയ്തുവെന്നത് എനിക്ക് അത്ഭുതമായിരുന്നു. പിടിക്കപ്പെട്ടാൽ വധശിക്ഷ ലഭിക്കുമെന്ന് അവനു ഉറപ്പായിരുന്നു.” – മുംബൈ ഭീകരാക്രമണ കേസിലെ പ്രതി അജ്മൽ കസബിനെ കുറിച്ച് പ്രണബ് എഴുതി. എന്നാൽ ഇത്തരം കാര്യങ്ങളൊന്നും തന്റെ തീരുമാനത്തെ സ്വാധീനിച്ചില്ലെന്നും അദ്ദേഹം എഴുതി.
വസ്തുതകളിൽ അധിഷ്ഠിതമായിരുന്നു എന്റെ തീരുമാനം. “കസബിനെ തൂക്കി കൊല്ലുന്നതിന്റെ തീയതിയോ മറ്റു വിശദശാംശങ്ങളോ എനിക്കറിയില്ലാരുന്നു.നടപടിക്രമപ്രകാരം അതിന്റെ ആവശ്യവും ഇല്ലാർന്നു.ദയാ ഹരജി നിരസിച്ചതോടെ എന്റെ ദൗത്യം കഴിഞ്ഞു”
“പാർലിമെന്റ് അക്രമത്തിലെ പ്രതിയായിരുന്ന അഫ്സൽ ഗുരുവിന്റെ ദയാഹരജി എന്റെ കയ്യിൽ ലഭിക്കുമ്പോൾ ബി.ജെ.പി പ്രതിപക്ഷത്തായിരുന്നു. ആ ഹരജി യഥാർത്ഥത്തിൽ ലഭിച്ച എന്റെ മുൻഗാമി തീരുമാനമെടുക്കാതെ നീട്ടുകയായിരുന്നു.
ശിക്ഷ പെട്ടെന്ന് നടപ്പാക്കാൻ പ്രതിപക്ഷം മുറവിളി കൂട്ടിയിരുന്നു. ” അഫ്സലിന്റെ വിഷയത്തിൽ സമൂഹത്തിൽ നിന്നും വ്യത്യസ്തമായ പ്രതികരണങ്ങളാണുണ്ടായതെന്നും അദ്ദേഹം കുറിച്ചു. അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റിയും വിധിയെ അപലപിച്ചു രംഗത്തു വന്നിരുന്നു. എന്നാൽ എല്ലാവിധ നിയമ പ്രക്രിയകളും കടന്നാണ് വധശിക്ഷ നടപ്പാക്കിയതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു
1993 ലെ മുംബൈ ബോംബ് സ്ഫോടന കേസിലും സമാന അവസ്ഥയായിരുന്നു. “ഞാൻ അദ്ദേഹത്തിന്റെ ദയാഹരജി തള്ളി. എന്നാൽ സമൂഹത്തിലെ വിവിധ കോണുകളിൽ നിന്നുള്ളവരുടെ കത്തുകളുടെ ഒരു പ്രളയമായിരുന്നു പിന്നീട്. എന്റെ തീരുമാനം പുനഃപരിശോധിക്കണമെന്നായിരുന്നു അവരുടെ ആവശ്യം.” അർദ്ധരാത്രി കോടതി തുറന്നു അവസാന നിയമ നടപടിക്രമവും പൂർത്തിയാക്കിയാണ് വധശിക്ഷ നടപ്പാക്കിയത്.
കസബിന്റെ കാര്യത്തിൽ തീരുമാനിക്കാൻ തനിക്ക് മറിച്ചൊന്ന് ആലോചിക്കേണ്ടി വന്നില്ലായെന്നും,എന്നാൽ ബാക്കി രണ്ടു പേരുടെ കാര്യത്തിലും സമൂഹത്തിൽ ഭിന്നാഭിപ്രായങ്ങൾ നിലനിൽക്കുന്നതിനാൽ വളരെ സുചിന്തിതമായാണ് തീരുമാനമെടുത്തത്.