India National

പ്രഗ്യാ സിങിനെ അയോഗ്യയാക്കുന്നത് തെരഞ്ഞെടുപ്പ് കമ്മിഷന് തീരുമാനിക്കാമെന്ന് എന്‍.ഐ.എ

മലേഗാവ് ഭീകരാക്രമണ കേസിലെ പ്രതി പ്രഗ്യാ സിങ് താക്കൂറിനെ അയോഗ്യയാക്കുന്നത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന് തീരുമാനം എടുക്കാമെന്ന് എന്‍.ഐ.എ. സ്ഥാനാര്‍ഥിത്വം ന്യായീകരിച്ച പ്രഗ്യാ സിങ്, പരാതി രാഷ്ട്രീയ പ്രേരിതമെന്ന് കാണിച്ച് എന്‍.ഐ.എ കോടതിയില്‍ മറുപടി നല്‍കി.

മലേഗാവ് ഭീകരാക്രമണക്കേസില്‍ യു.എ.പി.എ കുറ്റം ചുമത്തപ്പെട്ട പ്രഗ്യാ സിങ് മത്സരിക്കുന്നതിനെ ചോദ്യം ചെയ്ത് ഇരയുടെ പിതാവ് എന്‍.ഐ.എ കോടതിയില്‍ നല്‍കിയ ഹരജിയിലാണ് എന്‍.ഐ.എയുടെ മറുപടി. വിഷയം തെരഞ്ഞെടുപ്പ് കമ്മിഷന്റെ അധികാര പരിധിയില്‍ വരുന്നതാണെന്നും തങ്ങള്‍ക്ക് പ്രത്യേക നിലപാടില്ലെന്നും എന്‍.ഐ.എ അറിയിച്ചു.

പരാതി രാഷ്ട്രീയപ്രേരിതവും പ്രസിദ്ധി ആഗ്രഹിച്ചുള്ളതുമാണെന്നുമായിരുന്നു പ്രഗ്യാ സിങിന്റെ മറുപടി. ഭോപ്പാലില്‍ പൊതുപരിപാടിക്കെത്തിയ പ്രഗ്യാ സിങിന് നേരെ കരിങ്കൊടി കാട്ടിയത് സംഘര്‍ഷത്തിനിടയാക്കി. കരിങ്കൊടി കാണിച്ച എന്‍.സി.പി പ്രവര്‍ത്തകനെ ബി.ജെ.പി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു.

ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിക്ക് പിന്നാലെ കോണ്‍ഗ്രസ്, ബി.ജെ.പി സ്ഥാനാര്‍ഥികളും നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിച്ചു. ക്രിക്കറ്റ് താരം ഗൌതം ഗംഭീര്‍ ബി.ജെ.പി ടിക്കറ്റില്‍ മത്സരിക്കും. ബോക്സിങ് താരം വിജേന്ദര്‍ സിങ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പത്രിക നല്‍കി. മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിത്, കേന്ദ്ര മന്ത്രി അജയ് മാക്കന്‍ എന്നിവരും കോണ്‍ഗ്രസിന് വേണ്ടി പത്രിക നല്‍കി. പത്രികകള്‍ പിന്‍വലിക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ ഇവിടെ ത്രികോണ പോരാട്ടം ഉറപ്പായി.

രാജസ്ഥാനിലും മധ്യപ്രദേശിലുമായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രചാരണ പരിപാടികള്‍. പശ്ചിമ ബംഗാളിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പര്യടനം. വ്യാപകമായ ഇ.വി.എം തകരാറുകളുടെ പശ്ചാത്തലത്തില്‍ ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തില്‍ മുംബൈയില്‍ യോഗം ചേര്‍ന്ന പ്രതിപക്ഷ നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ ആഞ്ഞടിച്ചു. ധൃതരാഷ്ട്രരെപ്പോലെ കണ്ണ് കെട്ടിയിരിക്കുകയാണ് കമ്മിഷനെന്നാണ് ആരോപണം.