India National

പ്ര​ഗ്യാ സിങും കേണൽ പുരോഹിതും ഹാജരാകേണ്ടതില്ലെന്ന് എൻ.ഐ.എ കോടതി

മാലേഗാവ് ഭീകരാക്രമണ കേസിൽ ബി.ജെ.പി നേതാവ് പ്രഗ്യാ സിങ് താക്കൂറിനും, ലഫ്റ്റണന്റ് കേണൽ പ്രസാദ് പുരോഹിതിനും കോടതിയിൽ ഹാജരാകുന്നതിന് ഇളവ് അനുവദിച്ചു. തെരഞ്ഞെടുപ്പ് സംബന്ധമായ തിരക്കുള്ളതിനാൽ, കോടതിയിൽ ഹാജരാകുന്നതിന് ഇളവനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹരജിയിലാണ് പ്രത്യേക എൻ.ഐ.എ കോടതി തീരുമാനം.

പ്രഗ്യാ സിങ്, കേണൽ പുരോഹിത്, സുധാകർ ചതുർവേദി എന്നിവർക്കാണ് എല്ലാ ആഴ്ച്ചയും ഹാജരാകണമെന്ന തീരുമാനത്തിൽ കോടതി ഇളവ് അനുവദിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തിരക്ക് കാരണം ഈ ആഴ്ച്ച ഹാജരാകാൻ സാധിക്കില്ലെന്നാണ് പ്രഗ്യാ സിങും ചതുർവേദിയും കോടതിയെ അറിയിച്ചത്. വ്യക്തിപരമായ ബുദ്ധിമുട്ടുകളുണ്ടെന്നാണ് പുരോഹിത് അറിയിച്ചത്.

മാലേഗാവ് കേസിലെ ഏഴ് കുറ്റക്കാർക്കുമെതിരായ വിചാരണ പുരോഗമിക്കുന്നതിനിടെ എല്ലാ ആഴ്ച്ചയിലും പ്രതികൾ കോടതിയിൽ ഹാജരാകണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. അനിവാര്യമായ കാര്യങ്ങളിൽ ഇതിന് ഇളവ് അനുവദിക്കുന്നതാണെന്നും കോടതി കൂട്ടിച്ചേർക്കുകയുണ്ടായി.

മധ്യപ്രദേശിലെ ഭോപാലിൽ നിന്നും ബി.ജെ.പി സ്ഥാനാർഥിയായി മത്സരിക്കുന്നുണ്ട് പ്രഗ്യാ സിങ്. മറ്റൊരു കുറ്റാരോപിതനായ ചതുർവേദി ഉത്തർപ്രദേശിലെ മിർസാപൂരിൽ നിന്നും സ്വതന്ത്രനായി ജനവിധി തേടുന്നുണ്ട്. മൂവർക്കും പുറമെ, കേസിലെ മറ്റ് നല് പേരും ഇപ്പോൾ ജാമ്യത്തിലാണുള്ളത്. യു.എ.പി.എ, ഐ.പി.സി സെഷനുകൾക്ക് കീഴിലാണ് ഇവരെല്ലാവരും വിചാരണ നേരിടുന്നത്.