India National

തെലങ്കാനയില്‍ പ്രളയം: ഒന്നരക്കോടി നല്‍കി പ്രഭാസ്, കേരളത്തിന്‍റെ സഹായം അഭ്യര്‍ഥിച്ച് വിജയ് ദേവരകൊണ്ട

കോവിഡിനൊപ്പം പ്രളയ ദുരിതത്തിലാണ് തെലങ്കാന. കനത്ത മഴ തുടരുകയാണ്. 70 പേര്‍ ഇതിനകം മരിച്ചു. നിരവധി പേര്‍ക്ക് വീട് നഷ്ടമായി. വലിയ തോതില്‍ കൃഷിനാശവും റിപ്പോര്‍ട്ട് ചെയ്തു. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്.

തെലങ്കാനയ്ക്ക് സഹായവുമായി ഒട്ടേറെ സിനിമാ താരങ്ങൾ ഇതിനകം രംഗത്തെത്തി. തെലങ്കാന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഒന്നര കോടി രൂപയാണ് നടന്‍ പ്രഭാസ് സംഭാവന നല്‍കിയത്. ചിരഞ്ജീവിയും മഹേഷ് ബാബുവും ഒരു കോടി രൂപ വീതം സഹായധനം നല്‍കി. നാഗാർജുനയും ജൂനിയര്‍ എന്‍ടിആറും 50 ലക്ഷം രൂപ വീതമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്.

വിജയ് ദേവരകൊണ്ട 10 ലക്ഷം രൂപ നൽകി. കേരളം അടക്കമുള്ള സംസ്ഥാനങ്ങളോട് സഹായം അഭ്യര്‍ഥിച്ചു.- “ഞങ്ങള്‍ കേരളത്തിനായി ഒരുമിച്ച് നിന്നു, ചെന്നൈക്കായി ഒരുമിച്ച് നിന്നു, സേനക്കായി ഒരുമിച്ച് നിന്നു, കോവിഡിനിടയില്‍ പല കാര്യങ്ങള്‍ക്കും ഒരുമിച്ച് നിന്നു. ഇപ്പോള്‍ ഞങ്ങളുടെ നഗരവും ജനങ്ങളും സഹായം തേടുകയാണ്”- വിജയ് ദേവരകൊണ്ട ട്വീറ്റ് ചെയ്തു.

ഈ വര്‍ഷം എല്ലാ അര്‍ഥത്തിലും എല്ലാവര്‍ക്കും ദുരിതമാണ്. നിലവിലെ സാഹചര്യത്തില്‍ കഴിയും വിധം ബുദ്ധിമുട്ടുന്നവരെ സഹായിക്കണം. ഞാന്‍ 10 ലക്ഷം രൂപ സംഭാവന നല്‍കുന്നു- എന്നും വിജയ് ദേവരകൊണ്ട പറഞ്ഞു.

2018ല്‍ കേരളത്തെ പ്രളയം വലച്ചപ്പോള്‍ 5 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് ദേവരകൊണ്ട സംഭാവന നല്‍കിയിരുന്നു. നേരത്തെ കോവിഡ് പ്രതിരോധത്തിനായി പ്രഭാസ് പ്രധാനമന്ത്രിയുടെ ഫണ്ടിലേക്കും ഒരു കോടി നല്‍കി.