കൊവിഡ് ചികിത്സാ മാര്‍ഗരേഖ പുതുക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ചികിത്സയ്ക്കായി കൊവിഡ് പോസിറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇനി നിര്‍ബന്ധമില്ല. കൊവിഡ് ആണെന്ന് സംശയമുണ്ടെങ്കില്‍ ചികിത്സാ കേന്ദ്രങ്ങളില്‍ പ്രവേശിപ്പിക്കാം.h
രോഗികള്‍ എവിടെ നിന്നുള്ളവരാണെന്ന് പരിഗണിക്കാതെ ഓക്‌സിജനും ചികിത്സയും ലഭ്യമാക്കണമെന്നും മാര്‍ഗരേഖയില്‍ പറയുന്നു. തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കിയില്ലെങ്കിലും ചികിത്സ നിഷേധിക്കരുതെന്നും നിര്‍ദേശം. നിലവില്‍ പലയിടങ്ങളിലും കൊവിഡ് പോസിറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവരെ മാത്രമേ ചികിത്സ കേന്ദ്രങ്ങളില്‍ പ്രവേശിപ്പിക്കുന്നുള്ളൂ. കൂടാതെ ടെസ്റ്റ് റിസള്‍ട്ടിനായുള്ള കാലതാമസവുമുണ്ട്.
അതേസമയം രാജ്യത്ത് 24 മണിക്കൂറിനിടെ 4,01,522 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 4,187 പേര്‍ മരിച്ചു. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് രോഗികളുടെ എണ്ണം നാല് ലക്ഷത്തിന് മുകളില്‍ തുടരുന്നത്. രാജ്യം കൊവിഡിന്റെ മൂന്നാം തരംഗത്തെ പ്രതിരോധിക്കാന്‍ തയാറെടുക്കുമ്പോള്‍ കേരളമടക്കം 11 സംസ്ഥാനങ്ങളില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.