രാജ്യത്ത് ബഹുഭാര്യത്വം കുറയുകയാണെന്ന് കുടുംബാരോഗ്യ സർവേയിലെ കണക്കുകൾ സൂചിപ്പിക്കുന്നു. 2005-2006 കാലത്ത് 1.9 ശതമാനമായിരുന്നു ബഹുഭാര്യത്വ നിരക്ക് എങ്കിൽ 2019-21ൽ 1.4 ശതമാനമായി കുറഞ്ഞു.
ഇന്ത്യയിലെ ബഹുഭാര്യത്വത്തിന്റെ കണക്കുകൾ ലഭിക്കുന്നത് ജനസംഖ്യാ കണക്കെടുപ്പിലൂടെയും ദേശീയ കുടുംബാരോഗ്യ സർവേയിലൂടെയുമാണ്. വിവാഹിതരായ പുരുഷന്മാരേക്കാൾ കൂടുതൽ വിവാഹിതരായ സ്ത്രീകളുണ്ടെങ്കിൽ പുരുഷന്മാർ ഒന്നിലേറെ തവണ വിവാഹം ചെയ്തതായോ വിദേശത്താണെന്നോ ആണ് സെൻസസിലൂടെ കണക്കാക്കുക.
2011ലെ സെൻസസ് പ്രകാരം 28.65 കോടി വിവാഹിതരായ പുരുഷന്മാരും 29.3 കോടി വിവാഹിതരായ സ്ത്രീകളുമാണ് ഇന്ത്യയിലുള്ളത്. 65.71 ലക്ഷമാണ് ഇവ രണ്ടും തമ്മിലുള്ള വ്യത്യാസം. ‘ഭർത്താവിന് നിങ്ങൾക്കു പുറമേ, മറ്റ് ഭാര്യമാരുണ്ടോ’ എന്ന ചോദ്യം സമീപകാലത്ത് കുടുംബാരോഗ്യ സർവേയിൽ ഉൾപ്പെടുത്തിയിരുന്നു. 201921 കാലത്തെ കുടുംബാരോഗ്യ സർവേയിലെ കണക്കുകൾ പ്രകാരം വ്യത്യസ്ത മതവിഭാഗങ്ങൾക്കിടയിൽ ക്രിസ്ത്യാനികൾക്കിടയിലാണ് ബഹുഭാര്യാത്വം ഏറ്റവുമധികം റിപ്പോർട്ട് ചെയ്തത്, 2.1 ശതമാനം. മുസ്ലിംകൾക്കിടയിൽ 1.9 ശതമാനവും ഹിന്ദുക്കൾക്കിടയിൽ 1.3 ശതമാനവും സിക്കുകാർക്കിടയിൽ 0.5 ശതമാനവും ബുദ്ധമതക്കാർക്കിടയിൽ 1.3 ശതമാനവുമാണ് ബഹുഭാര്യാത്വം.
എന്നാൽ പട്ടികവർഗക്കാർക്കിടയിൽ ബഹുഭാര്യാത്വം, 2.4 ശതമാനമാണ്. ഇന്ത്യയിൽ ബഹുഭാര്യാത്വം കുറയുകയാണെന്നാണ് കുടുംബാരോഗ്യ സർവേയിലെ കണക്കുകൾ സൂചിപ്പിക്കുന്നത്.