ജമ്മു കശ്മീരില്‍ ഭീകരര്‍ നടത്തിയ വെടിവെപ്പില്‍ ഒരു കുട്ടിയടക്കം നാല് പേര്‍ക്ക് പരിക്കേറ്റു. കശ്മീരിലെ സോപോറിലാണ് ആക്രമണം നടന്നത്. പൂഞ്ചില്‍ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ പാകിസ്താന്‍റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമുണ്ടായി.
രണ്ട് വയസ്സുള്ള സോപോര്‍ സ്വദേശി ഉസ്മ ജാന്‍ എന്ന കുട്ടിക്കും മറ്റ് മൂന്ന്പേര്‍ക്കുമാണ് ഭീകരരുടെ ആക്രമണത്തില്‍ പരിക്കേറ്റത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയെന്നും ആരോഗ്യനിലയില്‍ ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്നും ജമ്മു കശ്മീര്‍ പൊലീസ് അറിയിച്ചു. സ്ഥലത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഭീകരാക്രമണം സംബന്ധിച്ച് അന്വേഷണവും ആരംഭിച്ചു. ആളുകളെ ഭയപ്പെടുത്തുന്നതിനായാണ് ആക്രണം നടത്തിയതെന്നാണ് സൂചന.
കഴിഞ്ഞ മാസം അവസാനം ശ്രീനഗറിലെ പരീം പൊരയില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ പ്രദേശവാസിക്ക് പരിക്കേറ്റിരുന്നു. ഇതിനിടെ പൂഞ്ചിലെ കൃഷ്ണഗാട്ടി സെക്ടറില്‍ പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തിയതിനെ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചു. നൌഷേരയില്‍ പാകിസ്താന്‍ പോസ്റ്റുകള്‍ക്ക് പുറകില്‍ നിന്ന് വലിയ ശബ്ദം കേട്ടതായി സൈന്യം അറിയിച്ചു. പാകിസ്താനിലെ പ്രദേശവാസികളുടെ വസ്ത്രം ധരിച്ചവര്‍ നിയന്ത്രണരേഖക്ക് സമീപമെത്തിയപ്പോള്‍ വിരട്ടിയോടിച്ചതായും അധികൃതര്‍ പറഞ്ഞു.