ആന്ധ്രാപ്രദേശിലെ നെല്ലൂരിൽ ചന്ദനക്കടത്ത് സംഘം പിടിയിൽ. രക്ത ചന്ദനം കടത്തുന്ന മൂന്നംഗ സംഘത്തെയാണ് സിനിമാ സ്റ്റൈൽ ചേസിംഗിനൊടുവിൽ പൊലീസ് പിടികൂടിയത്. ഇവരിൽ നിന്ന് ചന്ദനമുട്ടികളും മരം മുറിയ്ക്കുന്ന 55 മെഷീനുകളും പിടിച്ചെടുത്തു. സംഘത്തെ പിടികൂടാൻ പൊലീസ് ശ്രമിച്ചപ്പോൾ ഇവർ മഴുവും കല്ലുകളും വച്ച് ആക്രമിച്ച് ഇവർ വാഹനത്തിൽ സ്ഥലം വിടുകയായിരുന്നു.
റാപൂർ വനത്തിൽ ചന്ദനം വെട്ടി കടത്താനുള്ള ശ്രമത്തിനിടെ പൊലീസ് എത്തുകയായിരുന്നു. എന്നാൽ, ഇവർ പൊലീസുകാരെ ആക്രമിച്ച് സ്ഥലം വിട്ടു. തുടർന്ന് ചെന്നൈ നാഷണൽ ഹൈവേയിലൂടെ സിനിമാ സ്റ്റൈൽ ചേസിംഗാണ് അരങ്ങേറിയത്. സൂപ്പർ താരം അല്ലു അർജുൻ്റെ അടുത്തിടെ റിലീസായ ‘പുഷ്പ’ എന്ന സിനിമയിലേതിനു സമാനമായ ചേസിംഗിനൊടുവിലാണ് ഇവർ പിടിയിലായത്. വി ദാമു, കുപ്പണ്ണ സുബ്രഹ്മണ്യൻ, രാധാകൃഷ്ണൻ എന്നിവരാണ് പിടിയിലായത്.
“ദാമുവാണ് സംഘത്തിലെ നേതാവ്. സംഘം ജനുവരി 20ന് മരം മുറിയ്ക്കുന്ന യന്ത്രങ്ങളുമായി നെല്ലൂരിലെ ഗൂഡൂർ പട്ടണത്തിലെത്തി. ഇവിടെ റാപൂർ വനത്തിലെ രക്ത ചന്ദനങ്ങൾ മുറിച്ചുമാറ്റിയ ഇവർ ഇതുമായി പിറ്റേ ദിവസം തമിഴ്നാട്ടിലേക്ക് മടങ്ങി. തുടർന്ന് ലഭിച്ച ഒരു രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ രണ്ട് വാഹനങ്ങൾ ചെന്നൈ ഹൈവേയിലൂടെ കടന്നുപോകുന്നതായി പൊലീസ് മനസ്സിലാക്കി. ഈ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘത്തെ പിടികൂടാനെത്തിയത്.”- പൊലീസ് അറിയിച്ചു.
45 ചന്ദനമുട്ടികളും 24 മഴുവും 31 മൊബൈൽ ഫോണുകളും 75,230 രൂപയും ഇവരിൽ നിന്ന് പൊലീസ് പിടിച്ചെടുത്തു.