India National

ഡല്‍ഹിയിലെ പൊലീസ്-അഭിഭാഷക തര്‍ക്കം അയഞ്ഞു

ഡല്‍ഹിയിലുണ്ടായ പൊലീസ്-അഭിഭാഷക തര്‍ക്കം അയഞ്ഞു. അഭിഭാഷകര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകരുതെന്ന് ഡല്‍ഹി ഹൈകോടതി ഉത്തരവിട്ടു. തര്‍ക്കം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജിയില്‍ വാദം കേള്‍ക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. പൊലീസും അഭിഭാഷകരും തമ്മിലുണ്ടായ സംഘര്‍ഷം തെരുവിലേക്കെത്തുന്ന കാഴ്ചയായിരുന്നു കഴിഞ്ഞ ദിവസങ്ങളിലുണ്ടായിരുന്നത്. തങ്ങള്‍ക്കെതിരായ പീഡനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസുദ്യോഗസ്ഥരും കുടുംബാംഗങ്ങളും സമരവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.

മേലുദ്യോഗസ്ഥരുടെ നിര്‍ദേശ പ്രകാരം പൊലീസ് സമരത്തില്‍ നിന്ന് പിന്മാറിയിരുന്നു. പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ‌ജില്ലാ കോടതി അഭിഭാഷകരും തുടര്‍ച്ചയായി മൂന്ന് ദിവസം പണിമുടക്കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഡല്‍ഹി ഹൈകോടതിയിൽ നിന്ന് അഭിഭാഷകര്‍ക്ക് അനുകൂലമായ ഉത്തരവ് വന്നതോടെ അഭിഭാഷകരും സമരം അവസാനിപ്പിച്ചു.

അതിനിടെ തീസ് ഹസാരിയിലുണ്ടായ അഭിഭാഷക പൊലീസ് സംഘര്‍ഷവും തുടര്‍ന്നുണ്ടായ അക്രമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകര്‍ നല്‍കിയ ഹരജിയില്‍ വാദം കേള്‍ക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. നേരത്തെ ഹൈകോടതിയും ഈ ആവശ്യം നിരസിച്ചിരുന്നു. മാധ്യമങ്ങള്‍ ഇക്കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് നിയമവിരുദ്ധമാണെന്നായിരുന്നു ബാര്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യയുടെ നിലപാട്