സുപ്രീംകോടതിയുടെ കടുത്ത വിമര്‍ശനത്തിന് പിന്നാലെ വാക്‌സിന്‍ നയം തിരുത്തി കേന്ദ്രസര്‍ക്കാര്‍. രാജ്യത്ത് 18 വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ജൂണ്‍ 21 മുതല്‍ എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ ലഭ്യമാക്കും. കുട്ടികളിലുള്ള വാക്‌സിന്‍ പരീക്ഷണം ഇന്ത്യയില്‍ പുരോഗിക്കുകയാണ്. വൈകാതെ അക്കാര്യത്തിലും സന്തോഷ വാര്‍ത്തയുണ്ടാകും. വാക്‌സിന്‍ നയത്തില്‍ മാറ്റം വരുത്തിയിരിക്കുകയാണ്. വാക്‌സീന്റെ സംഭരണം പൂര്‍ണമായി ഇനി കേന്ദ്ര സര്‍ക്കാരിനു കീഴിലായിരിക്കുമെന്നും രാജ്യത്തെ അഭിസംബോധന ചെയ്തു കൊണ്ട് മോദി വ്യക്തമാക്കി. ദീപാവലി വരെ 80 കോടി ആളുകള്‍ക്ക് സൗജന്യ റേഷന്‍ നല്‍കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
വാക്‌സിന്‍ സംഭരണത്തിനുള്ള മാര്‍ഗരേഖ രണ്ടാഴ്ചയ്ക്കുള്ളില്‍ പുറത്തിറക്കും. സ്വകാര്യ ആശുപത്രികളില്‍നിന്ന് പണം നല്‍കി വാക്‌സിന്‍ സ്വീകരിക്കാം. ഒരു ഡോസിന് പരമാവധി 150 രൂപ വരെ ഈടാക്കാം. വരുംനാളുകളില്‍ വാക്‌സിന്‍ വിതരണം കൂടുതല്‍ ശക്തമാക്കും. രാജ്യത്ത് നിലവില്‍ ഏഴു കമ്പനികള്‍ പലതരം വാക്‌സിന്‍ തയാറാക്കുന്നുണ്ട്. മൂന്നിനം വാക്‌സിനുകളുടെ ട്രയല്‍ അവസാന ഘട്ടത്തിലാണ്. വരുംനാളുകളില്‍ വിദഗ്ധരുടെ നിര്‍ദേശ പ്രകാരം കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതും പരിഗണിക്കും. അതുമായി ബന്ധപ്പെട്ട പരീക്ഷണം തുടരുകയാണ്. മൂക്കിലൂടെ നല്‍കാവുന്ന വാക്‌സിനും പരിഗണനയിലുണ്ട്.എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുന്ന കാര്യത്തില്‍ രാജ്യം മുന്നോട്ടു പോവുകയാണ്. ഘട്ടംഘട്ടമായാണു പദ്ധതി നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വാക്‌സിന്‍ വില സംബന്ധിച്ച് വിവിധ ഘട്ടങ്ങളില്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചിരുന്നു. വാക്‌സിന് രാജ്യവ്യാപകമായി ഒരു വിലയാക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. 45 വയസിന് മുകളിലുള്ളവര്‍ക്ക് കേന്ദ്രം വാക്‌സിന്‍ വാങ്ങുകയും 18നും 45നും ഇടയിലുള്ളവരെ ഒഴിവാക്കുകയും ചെയ്തതിലെ യുക്തിയെന്താണെന്നും ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചോദിച്ചിരുന്നു.