പ്രധാനമന്ത്രിയുടെ സുരക്ഷാ കാര്യത്തിൽ പഞ്ചാബ് പൊലീസിന് വീഴ്‌ച സംഭവിച്ചെന്ന് എൻ എസ് ജി. റോഡ് യാത്ര തുടങ്ങിയത് ഡിജിപിയുടെ അനുവാദം ലഭിച്ച ശേഷമെന്ന് സ്ഥിരീകരിച്ചു. മാർഗമദ്ധ്യേ തടസങ്ങൾ ഇല്ലെന്ന് പഞ്ചാബ് ഡിജിപി അറിയിച്ചിരുന്നു. മേഖലയിൽ കാർഷിക പ്രതിഷേധം നടക്കുന്ന കാര്യം അറിയിച്ചില്ലെന്നും ദേശീയ സുരക്ഷാ വിഭാഗം.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പഞ്ചാബ് സന്ദർശനത്തിനിടെയുള്ള സുരക്ഷ വീഴ്ച അന്വേഷിക്കണമെന്ന ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. മുൻ അഡീഷണൽ സോളിസിറ്റർ ജനറൽ കൂടിയായ മുതിർന്ന അഭിഭാഷകൻ മനീന്ദർ സിംഗാണ് കോടതിയെ സമീപിച്ചത്. ഹർജി ഇന്ന് പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിക്കുകയായിരുന്നു. ഹർജി പരിഗണനയ്ക്ക് വരുന്നതിനു മുമ്പ് കേന്ദ്ര ആഭ്യന്തരമന്ത്രാലയവും അന്വേഷണം പ്രഖ്യാപിച്ചു.
കാബിനറ്റ് സെക്രട്ടറിയേറ്റിലെ സെക്രട്ടറി (സെക്യൂരിറ്റി) സുധീര്‍കുമാര്‍ സക്‌സേനയാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുക. ഐബി ജോ. ഡയറക്ടര്‍ ബല്‍ബീര്‍ സിങ്, എസ്പിജി ഐജി എസ് സുരേഷ് എന്നിവരാണ് സമതിയിലെ മറ്റ് അംഗങ്ങള്‍. എത്രയും വേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കി സര്‍ക്കാറിന് സമര്‍പ്പിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.