India National

കര്‍ഷകരുടെ അക്കൗണ്ടിലേക്ക് 18,000 കോടി രൂപ കൈമാറിയതായി പ്രധാനമന്ത്രി

പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ ഭാഗമായി അടുത്ത ഗഡുവായി കര്‍ഷകരുടെ അക്കൗണ്ടിലേക്ക് 18,000 കോടി രൂപ കൈമാറി. ഒന്‍പത് കോടി കര്‍ഷകര്‍ക്കാണ് പ്രയോജനം ചെയ്യുക. കര്‍ഷകരുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി ആശയവിനിമയം നടത്തുന്നതിനിടെയാണ് മോദി പണം കൈമാറിയതായി പ്രഖ്യാപിച്ചത്.

പ്രതിവര്‍ഷം ഓരോ കര്‍ഷകന്റെയും അക്കൗണ്ടിലേക്ക് 6000 രൂപ വീതം കൈമാറുന്നതാണ് പിഎം കിസാന്‍ സമ്മാന്‍ നിധി. ഗുണഭോക്താവിന്റെ അക്കൗണ്ടിലേക്കാണ് തുക കൈമാറുന്നത്.

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന സമരം ഒരു മാസത്തിലേക്ക് കടക്കുകയാണ്. കര്‍ഷകരെ എന്നും തെറ്റിദ്ധരിപ്പിക്കാനാണ്‌ പ്രതിപക്ഷം ശ്രമിക്കുന്നതെന്ന്‌ സംവാദത്തിനിടെ പ്രധാനമന്ത്രി പറഞ്ഞു.

അമിത്‌ ഷാ ഉള്‍പ്പടെ വിവിധ കേന്ദ്ര മന്ത്രിമാരും സംവാദത്തില്‍ പങ്കെടുക്കുന്നുണ്ട്‌. പാര്‍ട്ടി എം.പിമാരോടും, എം.എല്‍.എമാരോടും അവരവരുടെ മണ്ഡലങ്ങളില്‍ നിന്ന്‌ പരിപാടിയില്‍ പങ്കെടുക്കാന്‍ ബി.ജെ.പി. നിര്‍ദേശം നല്‍കി.