2014ന് ശേഷം രാജ്യത്ത് സ്ഫോടന ശബ്ദങ്ങൾ കേൾക്കാതെയായി എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാദത്തിന് മറുപടിയുമായി രാഹുൽ
ഗാന്ധി. ബോംബ് പൊട്ടുന്ന ശബ്ദം കേൾക്കാൻ പ്രധാനമന്ത്രി ആദ്യം ചെവി തുറന്നിരിക്കണമെന്ന് രാഹുൽ ട്വിറ്ററിൽ കുറിച്ചു.
തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെയാണ് രാജ്യത്ത് താൻ അധികാരത്തിൽ വന്നതിന് ശേഷം സ്ഫോടനങ്ങൾ കേട്ടിരുന്നില്ലെന്നാണ് മോദി പ്രസംഗിച്ചത്. എന്നാൽ അതിന് മണിക്കൂറുകൾക്കകമാണ് മാവോയിസ്റ്റ് ബോബാക്രമണത്തിൽ മഹാരാഷ്ട്രയിലെ ഗാദ്ചിരോളിയിൽ 16 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെടുന്നത്.
പ്രധാനമന്ത്രി ചെവി തുറന്ന് പിടിച്ച് കേൾക്കാത്തതിന്റെ പ്രശ്നമാണിതെന്നാണ് രാഹുൽ ഇതിന് മറുപടിയായി പറഞ്ഞത്. 2014ന് ശേഷം രാജ്യത്ത് സുപ്രധാനമായ 942 സ്ഫോടനങ്ങളാണ് നടന്നതെന്ന് പറഞ്ഞ രാഹുൽ, പുൽവാമ ഉൾപ്പടെയുള്ളവയുടെ പേരുകളും ട്വീറ്റിന് താഴെ കുറിച്ചു.
മോദിയുടെ പ്രസ്താവനക്കെതിരെ രംഗത്ത് വന്ന മുൻ കേന്ദ്ര മന്ത്രി ചിദംബരം, ബോംബാക്രമണൾ നടന്ന ചില സ്ഥലങ്ങളുടെ പേരുകൾ സൂചിപ്പിച്ച ശേഷം പ്രധാനമന്ത്രിക്ക് ഓർമ്മക്കുറവ് ഉള്ളതാണോ ഇവയൊക്കെയും മറന്ന് പോകാൻ കാരണമെന്നും പരിഹാസ രൂപത്തിൽ ചോദിച്ചു. സെെനികരും സുരക്ഷാ ഉദ്യോഗസ്ഥരും അതിർത്തയിലും നക്സൽ ബാധിത പ്രദേശങ്ങളിലും കൊല്ലപ്പെടുന്ന സാഹചര്യം വർദ്ധിച്ച സാഹചര്യത്തിൽ, രജ്യരക്ഷയെ കുറിച്ചും സെെനികരെ കുറിച്ചും പറയാൻ ബി.ജെ.പിക്ക് എന്താണ് അവകാശമെന്ന് എസ്.പി നേതാവ് അഖിലേഷ് യാദവ് കുറ്റപ്പെടുത്തി.