India National

69ാം പിറന്നാള്‍ ദിനത്തില്‍ സര്‍ദാര്‍ സരോവര്‍ ഡാം സന്ദര്‍ശിച്ച് മോദി; വൈകിട്ട് അമ്മയെ കാണും

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 69ാം പിറന്നാള്‍. ജന്‍മനാടായ ഗുജറാത്തിലാണ് ഇത്തവണ മോദിയുടെ പിറന്നാളാഘോഷം. ഇന്നലെ രാത്രിയോടെയാണ് പ്രധാനമന്ത്രി ഗുജറാത്തിലെത്തിയത്. ഇന്ന് രാവിലെ കെവാഡിയയിലുള്ള സര്‍ദാര്‍ സരോവര്‍ ഡാം മോദി സന്ദര്‍ശിക്കുകയും ചെയ്തു. 2017ല്‍ മോദി ഉദ്ഘാടനം ചെയ്ത ഡാം ചരിത്രത്തില്‍ ആദ്യമായി അതിന്റെ ഏറ്റവും ഉയര്‍ന്ന നിലയിലുള്ള ജലനിരപ്പ് രേഖപ്പെടുത്തിയിരിക്കുകയാണ്. 138.68 മീറ്ററാണ് ഡാമിലെ ജലനിരപ്പ്.

ഡാം സന്ദര്‍ശിച്ച ശേഷം സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമയുടെ ആകാശദൃശ്യമടങ്ങുന്ന ഒരു വീഡിയോയും ട്വിറ്ററില്‍ പങ്കുവച്ചു. ലോകത്തിലെ ഏറ്റവും വലിയ പ്രതിമകളിലൊന്നായ ഏകതാ പ്രതിമ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 31നാണ് മോദി അനാച്ഛാദനം ചെയ്തത്. സര്‍ദാര്‍ പട്ടേലിനുള്ള രാഷ്ട്രത്തിന്റെ ആദരവാണ് ഏകതാപ്രതിമയെന്ന് 1.30 മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോ പങ്കുവച്ചുകൊണ്ട് അദ്ദേഹം കുറിച്ചു. മോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് നര്‍മ്മദ ആരതി സംഘടിപ്പിച്ചാണ് കെവാഡിയക്കാര്‍ പ്രധാനമന്ത്രിയെ വരവേറ്റത്.

കെവാഡിയയിലെ നിരവധി സ്ഥലങ്ങളും പ്രധാനമന്ത്രി സന്ദര്‍ശിച്ചു. ഖല്‍വാനി എക്കോ ടൂറിസം സൈറ്റ്, കള്ളിച്ചെടി ഉദ്യാനവും മോദി സന്ദര്‍ശിച്ചു. ഗുജറാത്ത് ഗവര്‍ണര്‍ ആചാര്യ ദേവവ്രത്, മുഖ്യമന്ത്രി വിജയ് രുപാനിയും മോദിക്കൊപ്പമുണ്ടായിരുന്നു. വൈകിട്ട് ഗാന്ധിനഗറിലെത്തുന്ന മോദി അമ്മ ഹീരാബെന്നിനെ കാണും.

പാര്‍ലമെന്റ് മണ്ഡലമായ വരാണസിയിലെ സ്കൂള്‍ കുട്ടികളുടെ കൂടെയാണ് മോദി തന്റെ 68ാം പിറന്നാള്‍ ചെലവഴിച്ചത്. തുടര്‍ന്ന കാശി വിശ്വനാഥ ക്ഷേത്രത്തിലും അദ്ദേഹം ദര്‍ശനം നടത്തിയിരുന്നു. മോദിയുടെ ജന്‍മദിനം ‘സേവാ സപ്തഹ’ എന്ന പേരിലാണ് ബി.ജെ.പി ആഘോഷിക്കുന്നത്. സെപ്തംബര്‍ 14ന് തുടങ്ങിയ ആഘോഷം 20 വരെ നീണ്ടുനില്‍ക്കും. ഇതിന്റെ ഭാഗമായി നിരവധി സേവന പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കം കുറിക്കും.