India National

പൗരത്വ നിയമ ഭേദഗതിയെ ജനം പിന്തുണക്കുന്നുവെന്ന് പ്രധാനമന്ത്രി

പൌരത്വനിയമ ഭേദഗതിയെ ജനം പിന്തുണക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പൌരത്വ ഭേദഗതി നിയമം ആരുടെയും പൌരത്വം നഷ്ടപ്പെടുത്താനല്ലെന്നും വേട്ടയാടപ്പെട്ട അഭയാര്‍ത്ഥികള്‍ക്ക് പൌരത്വം നല്‍കാനാണെന്നും മോദി ട്വീറ്റ് ചെയ്തു. നിയമത്തെ കുറിച്ച് സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഒരു വീഡിയോയും പ്രധാനമന്ത്രി ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമത്തെ രാജ്യം പിന്തുണയ്ക്കുന്നു എന്ന ഹാഷ് ടാഗോടെയാണ് മോദിയുടെ ട്വീറ്റ്. പൗരത്വ ഭേദഗതി നിയമത്തിന്റെ പ്രചരണം ശക്തമാക്കിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.

പൗരത്വ ഭേദഗതി മുസ്‍ലിംകള്‍ക്കെതിരായ നിയമമല്ലെന്ന് മോദി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ത്യന്‍ മണ്ണില്‍ ജനിച്ച മുസ്‍ലിംകള്‍ ഭാരത മാതാവിന്റെ സന്താനങ്ങളാണെന്നായിരുന്നു മോദിയുടെ വാക്കുകള്‍. രാജ്യത്തെ ഒരു മുസ്‍ലിമിനെയും തടവറയില്‍ പാര്‍പ്പിക്കില്ല. കോണ്‍ഗ്രസും അര്‍ബന്‍ നക്സലുകളും ചേര്‍ന്ന് തടവറ സംബന്ധിച്ച് വ്യാജ പ്രചരണങ്ങള്‍ നടത്തുകയാണെന്നും മോദി കുറ്റപ്പെടുത്തിയിരുന്നു. എന്‍.ആര്‍.സി എന്ന വാക്ക് പോലും സര്‍ക്കാര്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.