India National

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വധഭീഷണി; സുരക്ഷ വര്‍ധിപ്പിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷ വര്‍ധിപ്പിച്ചു. എന്‍ഐഎക്ക് ലഭിച്ച വധഭീഷണിയെ തുടര്‍ന്നാണ് നീക്കം. ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിര്‍ദേശ പ്രകാരം സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പാണ് സുരക്ഷ വര്‍ധിപ്പിക്കുന്നത്. ആഗസ്ത് എട്ടിനാണ് പ്രധാനമന്ത്രിയെ വധിക്കുമെന്ന് എന്‍ഐഎക്ക് ഭീഷണി സന്ദേശം ലഭിച്ചത്.

ylalwani12345@gmail.com എന്ന മെയില്‍ ഐഡിയില്‍ നിന്നാണ് ഭീഷണി സന്ദേശം വന്നത്. നരേന്ദ്ര മോദിയെ കൊല്ലുക (kill narendra modi) എന്നായിരുന്നു സന്ദേശം. ഇത് ആര് എവിടെ നിന്ന് അയച്ചതാണെന്നത് സംബന്ധിച്ച് അന്വേഷണം തുടരുകയാണ്. റോയും ഇന്‍റലിജന്‍സ് ബ്യൂറോയും ഡിഫന്‍സ് ഇന്‍റലിജന്‍സ് ഏജന്‍സികളുമാണ് അന്വേഷണം നടത്തുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ ട്വിറ്റര്‍ ഹാക്ക് ചെയ്ത സംഭവവുമുണ്ടായി. ക്രിപ്റ്റോ കറന്‍സിയുമായി ബന്ധപ്പെട്ട ട്വീറ്റുകളാണ് പ്രധാനമന്ത്രിയുടെ ട്വിറ്റര്‍ അക്കൌണ്ടില്‍ വന്നത്. രാജ്യം ക്രിപ്റ്റോ കറന്‍സിക്കൊപ്പമാണെന്നും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ക്രിപ്റ്റോ കറന്‍സി വഴി സംഭാവന നല്‍കണമെന്നുമാണ് ഹാക്കര്‍ ട്വീറ്റ് ചെയ്തത്. ഉടന്‍ തന്നെ അക്കൌണ്ടിന്‍റെ നിയന്ത്രണം ട്വിറ്റര്‍ പുനഃസ്ഥാപിക്കുകയും വ്യാജ ട്വീറ്റുകള്‍ നീക്കം ചെയ്യുകയും ചെയ്തു.