India National

ഉത്സവ കാലങ്ങളില്‍ ജാഗ്രത വേണം, കോവിഡ് പ്രതിരോധത്തിൽ ഇന്ത്യ ശക്തി തെളിയിച്ചെന്ന് മോദി

എന്നാൽ കോവിഡ് അവസാനിച്ചെന്ന് പറഞ്ഞ് നിസാരവത്കരിക്കാൻ കഴിയുന്ന സമയം ആയിട്ടില്ല. വാക്സിൻ ലഭ്യമാകുന്നത് വരെ കോവിഡ് പ്രതിരോധം ഇതേരീതിയിൽ തുടരണം.

രാജ്യത്ത് രോഗമുക്തി നിരക്ക് കൂടുതലും രോഗികളുടെ എണ്ണം കുറവുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് നിരവധി പേരുടെ ജീവൻ രക്ഷിക്കാൻ ഇന്ത്യക്കായി. കോവിഡ് പ്രതിരോധത്തിൽ ഇന്ത്യ ശക്തി തെളിയിച്ചെന്നും മോദി പറഞ്ഞു.

എന്നാൽ കോവിഡ് അവസാനിച്ചെന്ന് പറഞ്ഞ് നിസാരവത്കരിക്കാൻ കഴിയുന്ന സമയം ആയിട്ടില്ല. വാക്സിൻ ലഭ്യമാകുന്നത് വരെ കോവിഡ് പ്രതിരോധം ഇതേരീതിയിൽ തുടരണം. സമ്പദ് വ്യവസ്ഥ തിരിച്ചുവരവിന്റെ പാതയിലാണ്. ഇന്ത്യയിലും വാക്സിൻ നിര്‍മാണ പ്രവര്‍ത്തനങ്ങൾ മുന്നോട്ടുപോവുകയാണ്. ചിലത് അതിന്റെ അവസാന ഘട്ടത്തിലാണ്. ഉത്സവ കാലങ്ങളില്‍ ജാഗ്രത വേണം. ചെറിയ അശ്രദ്ധ നമ്മുടെ സന്തോഷം കെടുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഓണാഘോഷ വേളയിലെ ശ്രദ്ധയില്ലായ്മയ്ക്ക് കേരളം വില നൽകേണ്ടി വന്നെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹർഷവർദ്ധൻ നേരത്തെ പറഞ്ഞിരുന്നു. ജനുവരി 30നും മെയ് 3 നും ഇടയിൽ 499 കോവിഡ് 19 കേസുകളും രണ്ട് മരണവും മാത്രമാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തത്. എന്നാൽ സംസ്ഥാനങ്ങളിൽ വിവിധ സേവനങ്ങൾ പുനരാരംഭിച്ചതിനൊപ്പം വന്ന ഓണാഘോഷ പരിപാടികൾ, സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള വ്യാപാര വിനോദസഞ്ചാര യാത്രകളിലെ വർധന എന്നിവ കേരളത്തിൽ സ്ഥിതി ഗുരുതരമാക്കിയെന്നുമായിരുന്നു മന്ത്രിയുടെ കുറ്റപ്പെടുത്തല്‍.