India National

രാജ്യവ്യാപക ലോക്ക്ഡൗണ്‍ പരിഹാരമാവില്ല:കൊറോണ കര്‍ഫ്യൂവും അവതരിപ്പിച്ച് പ്രധാനമന്ത്രി

കോവിഡ് വ്യാപനം അനിയന്ത്രിതമാകുന്ന സാഹചര്യത്തില്‍ രാജ്യവ്യാപക ലോക്ക്ഡൗണ്‍ പരിഹാരമാകില്ലെന്ന് പ്രധാനമന്ത്രി. ഇനിയൊരു ലോക്ക്ഡൗണ്‍ രാജ്യത്തെ സാമ്പത്തിക മേഖലയ്ക്ക് താങ്ങാനാവില്ലെന്നും സംസ്ഥാന മുഖ്യമന്ത്രിമാരുമായി നടത്തിയ ഓണ്‍ലൈന്‍ കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി വ്യക്തമാക്കി.

ഏപ്രില്‍ 11 മുതല്‍ 14 വരെ ‘വാക്സിന്‍ ഉത്സവ’ മായിരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കോവിഡ് പരിശോധനയുടെ എണ്ണം വർധിപ്പിക്കാനും മൈക്രോ കണ്ടെയ്ൻമെന്‍റ് സോണുകളിൽ കൂടുതൽ ശ്രദ്ധ ചെലുത്താനും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

രാത്രി കര്‍ഫ്യൂ നിലവിലുള്ള പ്രദേശങ്ങളില്‍ കൊറോണ വൈറസിനെക്കുറിച്ച് ജാഗ്രത തുടരാന്‍ ‘കൊറോണ കര്‍ഫ്യൂ’ എന്ന പദം ഉപയോഗിക്കണം. രാത്രി ഒമ്പതു മുതല്‍ രാവിലെ അഞ്ചുവരെയോ, രാത്രി പത്തു മുതല്‍ രാവിലെ ആറുവരെയോ കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്നതാണ് ഫലപ്രദമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

കോവിഡിനെ പ്രതിരോധിക്കുന്നതില്‍ ചില സംസ്ഥാനങ്ങള്‍ക്ക് വീഴ്ചപറ്റി. ചിലയിടങ്ങളിലെ സാഹചര്യം ആശങ്കയുണ്ടാക്കുന്നതാണ്. ഇന്ത്യ നേരിടുന്നത് ഏറ്റവും മോശം സാഹചര്യമാണെന്നും മോദി പറഞ്ഞു.

കോവിഡ് നിർണയ പരിശോധന നടത്താനോ പ്രതിരോധ കുത്തിവെപ്പെടുക്കാനോ നമ്മൾ മറക്കുന്നു. പ്രതിരോധ കുത്തിവെപ്പില്ലാതെ കോവിഡിനെതിരായ പോരാട്ടത്തിൽ വിജയിക്കാനാവില്ലെന്നും പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു.

പൊതുജനങ്ങളിൽ രോഗത്തെ കുറിച്ചുള്ള ഗൗരവം നഷ്ടപ്പെട്ടു. മാക്സ് ധരിക്കുന്നതടക്കമുള്ള കോവിഡ് പ്രതിരോധ മാർഗങ്ങൾ പിന്തുടരാൻ ആവശ്യമായ ബോധവത്കരണം ശക്തിപ്പെടുത്തണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു.