കര്‍ഷക പ്രതിഷേധം 25ാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ നിയമങ്ങള്‍ പിന്‍വലിക്കാതെ ഡല്‍ഹിയിലെ ഗുരുദ്വാര സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുരുദ്വാര സന്ദര്‍ശനത്തിന് പിന്നാലെ സന്ദര്‍ശനത്തിന്റെ ചിത്രങ്ങളും മോദി ട്വീറ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതിനെതിരെ കര്‍ഷകര്‍ തന്നെ രംഗത്ത് വന്നു.
തണുപ്പത്തുകിടന്ന് പ്രതിഷേധിക്കുന്ന കര്‍ഷകരെ കാണാന്‍ നേരമില്ലാത്ത മോദിയുടെ ഗുരുദ്വാര സന്ദര്‍ശനം വെറും നാടകമാണെന്ന് കര്‍ഷകര്‍ പ്രതികരിച്ചു. നാടകമല്ല നിയമങ്ങള്‍ പിന്‍വലിക്കുകയാണ് വേണ്ടതെന്നും അവര്‍ പറഞ്ഞു..
കര്‍ഷക സമരം ശക്തമാകുന്നതിനിടെയാണ് ഇന്ന് ‘അപ്രതീക്ഷിതമായി’ മോദി സിഖ് മത വിശ്വാസികളുടെ ആരാധനാലയമായ ഡല്‍ഹിയിലെ ഗുരുദ്വാര സന്ദര്‍ശിച്ചത്. നേരത്തെ നിശ്ചയിക്കപെടാത്തതിനാല്‍ സന്ദര്‍ശന സമയത്ത് ഗുരുദ്വാരയില്‍ പ്രത്യേക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
കര്‍ഷക പ്രതിഷേധം ശക്തമായതോടെ കേന്ദ്രത്തിന് നിയന്ത്രിക്കാനാവാതെ വന്നതോടെ സിഖ് കര്‍ഷകരെ പ്രീതിപ്പെടുത്താനാണ് മോദിയുടെ സന്ദര്‍ശനമെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നത്.
കാര്‍ഷിക നിയമം കര്‍ഷകര്‍ക്ക് ഗുണം ചെയ്യുമെന്നും പിന്‍വലിക്കേണ്ട ആവശ്യം ഇല്ലെന്നുമാണ് മോദി നിരന്തരം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ നിയമം പിന്‍വലിക്കുന്നതുവരെ തങ്ങള്‍ പ്രതിഷേധം തുടരുമെന്ന ഉറച്ച തീരുമാനത്തിലാണ് കര്‍ഷകര്‍.