India

സ്വകാര്യ മേഖലയെ അധിക്ഷേപിക്കുന്നത് അംഗീകരിക്കാനാകില്ല: പാർലമെന്റിൽ പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യത്തിന്റെ സാമ്പത്തിക മേഖലയിൽ സ്വകാര്യ മേഖലയുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വകാര്യമേഖലയെ അധിക്ഷേപിക്കുന്ന സംസ്‌കാരം അംഗീകരിക്കാനാകില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചകൾക്ക് മറുപടി പറയുകയായിരുന്നു പ്രധാനമന്ത്രി.

‘പൊതുമേഖല പ്രധാനമാണ് എങ്കിൽ സ്വകാര്യ മേഖലയുടെ പങ്ക് നിർണായകമാണ്. സമ്പത്ത് ഉണ്ടാക്കുന്നവർ രാജ്യത്തിന് അത്യന്താപേക്ഷിതമാണ്. അപ്പോഴാണ് സമ്പത്ത് ദരിദ്രരിലേക്ക് വിതരണം ചെയ്യപ്പെടൂ. രാഷ്ട്രപുരോഗതിയിലുള്ള അവരുടെ പങ്കിൽ രാജ്യം അഭിമാനം കൊള്ളുന്നു’ – മോദി പറഞ്ഞു.

ഉദ്യോഗസ്ഥർക്ക് മാത്രം രാജ്യത്തെ നയിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ‘ഉദ്യോഗസ്ഥർ എല്ലാം ചെയ്യുമോ? അവർ ചെയ്യുന്നതു പോലെ പ്രധാനപ്പെട്ടതാണ് യുവാക്കൾ (സ്വകാര്യമേഖലയിൽ തൊഴിലെടുക്കുന്നവർ) ചെയ്യുന്നതും’ – മോദി കൂട്ടിച്ചേർത്തു.

കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകർ നേരത്തെ റിലയൻസ് ഇൻഡസ്ട്രീസിനും അദാനിക്കുമെതിരെ രംഗത്തു വന്നിരുന്നു. പുതിയ നിയമങ്ങൾ കോർപറേറ്റുകൾക്ക് വേണ്ടിയാണ് എന്നാണ് കർഷകരുടെ ആരോപണങ്ങൾ. ഈ സാഹചര്യത്തിലാണ് മോദിയുടെ പരാമർശങ്ങൾ.