മാലേഗാവ് സ്ഫോടനക്കേസ് പ്രതി പ്രഗ്യ സിങ് ഠാക്കൂറിന്റെ ബി.ജെ.പി സ്ഥാനാര്‍ഥിത്വത്തെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും ജാമ്യത്തിലിറങ്ങിയാണ് മത്സരിക്കുന്നതെന്നും എന്തുകൊണ്ട് അവരാരും അതിന്റെ പേരില്‍ ചോദ്യം ചെയ്യപ്പെടുന്നില്ലെന്നുമായിരുന്നു മോദിയുടെ പ്രതികരണം. ഭോപ്പാലിലെ ബി.ജെ.പി സ്ഥാനാര്‍ഥിയാണ് പ്രഗ്യ സിംങ് ഠാക്കൂര്‍.
”അമേഠിയില്‍ അവര്‍ക്കൊരു(കോണ്‍ഗ്രസിന്) സ്ഥാനാര്‍ഥിയുണ്ട്(രാഹുല്‍ ഗാന്ധി), ജാമ്യത്തിലിറങ്ങിയ ആളാണ്. റായ്ബറേലിയിലുമുണ്ട് മറ്റൊരു സ്ഥാനാര്‍ഥി(സോണിയ ഗാന്ധി), അവരും ജാമ്യത്തിലിറങ്ങിയതാണ്. പക്ഷേ ഭോപ്പാലിലെ ബി.ജെ.പി സ്ഥാനാര്‍ഥി ജാമ്യത്തിലിറങ്ങിയ ആളാകുമ്പോള്‍ മാത്രമാണ് പ്രശ്നം.” ടൈംസ് നൌവിന് നല്‍കിയ അഭിമുഖത്തില്‍ മോദി പറഞ്ഞു.
സിഖ് വിരുദ്ധ കലാപത്തെ പരസ്യമായി ന്യായീകരിച്ച രാജീവ് ഗാന്ധി പിന്നീട് പ്രധാനമന്ത്രിയായെന്നും, സിഖ് വിരുദ്ധ കലാപത്തിന് ദൃക്സാക്ഷിയായി നിന്ന കമല്‍നാഥ് മധ്യപ്രദേശ് മുഖ്യമന്ത്രിയായെന്നും മോദി ആരോപിച്ചു. സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട് നാനാവതി കമ്മീഷന്‍ കമല്‍നാഥിനെ ചോദ്യം ചെയ്തിരുന്നു. പിന്നീട് തെളിവുകളുടെ അഭാവത്തില്‍ കമല്‍ നാഥിനെ കേസില്‍ നിന്നും ഒഴിവാക്കുകയും ചെയ്യുകയായിരുന്നു.
മുംബൈ ഭീകരവിരുദ്ധ സ്ക്വാഡിന്‍റെ തലവനായിരുന്ന ഹേമന്ദ് കര്‍ക്കരെ കൊല്ലപ്പെടാന്‍ കാരണം തന്‍റെ ശാപമാണെന്ന ബി.ജെ.പി സ്ഥാനാര്‍ഥി പ്രഗ്യാസിങ് ഠാക്കൂറിന്‍റെ പ്രസ്താവനയും വിവാദമായിരുന്നു. മാലേഗാവ് സ്ഫോടന കേസ് പ്രതിയായ പ്രഗ്യാസിങ് ഠാക്കൂര്‍ ഭോപാലില്‍ നിന്നുള്ള ബിജെപിയുടെ സ്ഥാനാര്‍ഥിയായ ശേഷമാണ് വിവാദപ്രസ്താവന നടത്തിയത്.
ബി.ജെ.പി സ്ഥാനാര്‍ഥി സ്വാധി പ്രഗ്യാസിങ് ഠാക്കൂര്‍ പ്രതിയായ മാലേഗാവ് സ്ഫോടനക്കേസ് അന്വേഷിച്ചിരുന്നത് ഹേമന്ദ് കര്‍ക്കരെയായിരുന്നു. ഈ കേസില്‍ കൊലപാതകവും കലാപശ്രമവും അടക്കമുള്ള വകുപ്പുകളിലാണ് പ്രഗ്യാ സിങ് ഠാക്കൂര്‍ പ്രതിയായത്. കേസ് നിലനില്‍ക്കുന്നതിനാല്‍ സ്വാധിയെ മത്സരിക്കാന്‍ അനുവദിക്കരുതെന്ന് കാണിച്ച് സ്ഫോടനത്തില്‍ ഇരയായവരുടെ ബന്ധുക്കള്‍ നല്‍കിയ ഹരജി എന്‍.ഐ.എ പ്രത്യേക കോടതിയുടെ പരിഗണനയിലാണ്.