കഴിഞ്ഞ 18 വര്‍ഷത്തിനിടയിലെ തന്റെ ആദ്യത്തെ വെക്കേഷനാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡിസ്‌കവറി ചാനലിലെ പ്രശസ്തമായ ‘മാന്‍ വേഴ്‌സസ് വൈല്‍ഡ്’ ഷോയില്‍ ബ്രിട്ടിഷ് സാഹസിക സഞ്ചാരിയായ അവതാരകന്‍ ബെയര്‍ ഗ്രില്‍സുമൊത്തുള്ള യാത്രയെ മോദി വിശേഷിപ്പിച്ചത് ഇങ്ങിനെയായിരുന്നു.
യാത്രയില്‍ ഗുജറാത്തിലെ വാദ്‌നഗറിലെ കുട്ടിക്കാലത്തെ ജീവിതത്തെക്കുറിച്ചും 17 ആം വയസില്‍ വീട് വിട്ടിറങ്ങി ഇറങ്ങി ഹിമാലയത്തില്‍ പോയി അവിടെ ചെലവഴിച്ച ദിവസങ്ങളെക്കുറിച്ചും മോദി സംസാരിച്ചു. ഞാൻ 13 വർഷം മുഖ്യമന്ത്രിയായിരുന്നു, അതൊരു യാത്രയും അനുഭവവുമായിരുന്നു. പിന്നെ ഞാൻ പ്രധാനമന്ത്രിയായി. ഇത് (പ്രോഗ്രാം) ഒരു അവധിക്കാലമായി കണക്കാക്കാമെങ്കിൽ 18 വർഷത്തിനുള്ളിൽ എനിക്ക് ആദ്യമായി ലഭിച്ച വെക്കേഷനാണിത്..മോദി കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി സ്വപ്നമായിരുന്നില്ലെന്നും രാജ്യത്തിന്റെ വികസനമാണ് ലക്ഷ്യമെന്നും പരിപാടിയില്‍ മോദി പറഞ്ഞു.
കൊടുംതണുപ്പിനെയും മഴയെയും അവഗണിച്ചുകൊണ്ട് കാടും പുഴകളുമെല്ലാം കടന്ന് ഉത്തരാഖണ്ഡിലെ ജിം കോര്‍ബെറ്റ് ദേശീയ പാര്‍ക്കിലെ വനത്തിലൂടെയായിരുന്നു മോദിയുടെയും ബെയര്‍ ഗ്രില്‍സിന്റെയും സാഹസിക യാത്ര. ഭയം എന്താണെന്ന് താന്‍ അറിഞ്ഞിട്ടില്ലെന്നും എന്താണ് അതെന്ന് വിശദീകരിക്കാന്‍ അറിയില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തെ വനസംരക്ഷണത്തെക്കുറിച്ച് നിർദ്ദേശങ്ങൾ അദ്ദേഹം ചോദിച്ചു. നിർദ്ദേശങ്ങൾ അയക്കുന്ന തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് മോദിയെ കാണാനും അവരുടെ ആശയങ്ങൾ പ്രധാനമന്ത്രിക്ക് സമർപ്പിക്കാനും അവസരം ലഭിക്കും. നമോ ആപ്പിൽ ആളുകൾക്ക് അവരുടെ നിർദ്ദേശങ്ങൾ അയക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. ഈ ഷോ കാണുമ്പോൾ, ലോകമെമ്പാടുമുള്ള ആളുകൾ ഇന്ത്യയിലേക്ക് വരാൻ ആഗ്രഹിക്കും. ഇത് രാജ്യത്ത് ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന് സഹായിക്കും,” ഷോയുടെ അവസാനം മോദി പറഞ്ഞു.
ഷോയില്‍ പങ്കെടുക്കുന്ന ഇന്ത്യയില്‍ നിന്നുള്ള ആദ്യ രാഷ്ട്രീയക്കാരനാണ് മോദി. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബാരക് ഒബാമ, അമേരിക്കന്‍ നടന്‍മാരായ വില്‍ ഫെറേല്‍, സാക് എഫ്രോണ്‍, ജേക് ഗെന്‍ഹാള്‍, ബെന്‍ സ്റ്റില്ലര്‍ എന്നിവരും ഷോയില്‍ പങ്കെടുത്തിട്ടുണ്ട്.