India National

മോദി വരാണസിയില്‍ പത്രിക സമര്‍പ്പിച്ചു

പ്രധാനമന്ത്രി നരേന്ദ്രമോദി വരാണസി ലോക്സഭാ മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ബിജെപി – എന്‍.ഡി.എ നേതാക്കളോടൊപ്പമാണ് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാന്‍ നരേന്ദ്രമോദി എത്തിയത്. രാജ്യത്ത് ഭരണ അനുകൂലവികാരം അലയടിക്കുയാണെന്ന് മോദി പറ‍ഞ്ഞു. അതേസമയം പി.എം നരേന്ദ്രമോദി സിനിമയുടെ പ്രദര്‍ശന വിലക്ക് സ്റ്റേ ചെയ്യാനാകില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടു.

അമിത് ഷാ അടക്കമുള്ള മുതിര്‍ന്ന ബി.ജെ.പി നേതാക്കളോടും മറ്റ് എന്‍.ഡി.എ ഘടകകക്ഷി നേതാക്കളോടുമൊപ്പമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പത്രിക സമര്‍പ്പണത്തിനെത്തിയത്. രാവിലെ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിച്ചതിനും, കാല ഭൈരവക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷവുമായിരുന്നു പത്രിക സമര്‍പ്പണം.

ഇന്നലെ ലങ്ക ഗേയ്റ്റ് മുതല്‍ ദശാശ്വമേദ് ഘാട്ട് വരെ നീളുന്ന റോഡ് ഷോ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയിരുന്നു. രാജ്യത്ത് ഭരണ അനുകൂലവികാരമാണ് ഉള്ളതെന്നും എല്ലാ വോട്ടിങ് റെക്കോര്‍ഡുകളും തകര്‍ക്കണമെന്നും രാവിലെ നടന്ന റാലിയില്‍ മോദി ആവശ്യപ്പെട്ടു. കേരളത്തില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഉള്ളതെന്നും വരാണസിയിലെ പ്രവര്‍ത്തകരോട് മോദി പറഞ്ഞു.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി അജയ് റായി, എസ്.പി- ബി.എസ്.പി സ്ഥാനാര്‍ത്ഥിയായി ശാലിനി യാദവ് എന്നിവരാണ് മോദിക്കെതിരെ മത്സരിക്കുന്നത്. നേരത്തെ വരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കുമെന്ന സൂചനകള്‍ ഉണ്ടായിരുന്നു. അതേസമയം പി.എം നരേന്ദ്രമോദി സിനിമയുടെ പ്രദര്‍ശന വിലക്ക് സ്റ്റേ ചെയ്യാനാകില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. തെരഞ്ഞെടുപ്പ് കമ്മീഷനേര്‍പ്പെടുത്തിയ പ്രദര്‍ശന വിലക്ക് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സിനിമയുടെ പിന്നണി പ്രവര്‍‍ത്തകരാണ് സുപ്രീംകോടതിയെ സമീപിച്ചത്. അവസാനഘട്ട വോട്ടെടുപ്പ് നടക്കുന്ന മെയ് 19 വരെ സിനിമ പ്രദര്‍ശിപ്പിക്കാനാകില്ല.