കേന്ദ്രസർക്കാരിന്റെ ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ പദ്ധതി പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു. രാജ്യത്തെ ആരോഗ്യമേഖലയുടെ കാര്യക്ഷമതയും സുതാര്യതയും വർദ്ധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. മൂന്ന് പാർലമെന്റ് മണ്ടലത്തിൽ ഒരു എയിംസ് എന്നതാണ് കേന്ദ്രസർക്കാർ ലക്ഷ്യമെന്ന് പദ്ധതി ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി വ്യക്തമാക്കി. ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ പദ്ധതി പ്രകാരം ഇന്ത്യയിലെ ഓരോ പൗരനും ആരോഗ്യ ഐഡി കാർഡ് ലഭിക്കും. ഇത് ഓരോരുത്തരുടെയും ആരോഗ്യ അക്കൗണ്ടായാണ് പ്രവർത്തിക്കുക. ( PM launches health ID )
14 അക്ക ആരോഗ്യ തിരിച്ചറിയൽ നമ്പരാണ് ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ ഐഡിയിൽ ഉണ്ടാകുക. യുണീക് ഹെൽത്ത് ഐഡിയാണിത്. ആധാർ ഇല്ലാതെ തന്നെ ഐഡി കാർഡിനായി രജിസ്റ്റർ ചെയ്യാം. ആരോഗ്യ അക്കൗണ്ട് ആക്ടിവേറ്റ് ആകുന്നതോടെ ആരോഗ്യ പരിരക്ഷാ സൗകര്യങ്ങൾ ലഭ്യമാകുന്നതിൽ നിന്നും വെറും ഒരു ക്ലിക്ക് അകലെയായിരിക്കും പൗരന്മാർ എന്നതാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ അവകാശവാദം.
വീഡിയോ കോൺഫറൻസ് വഴി പദ്ധതി ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി വിദഗ്ദ ചികിത്സാ പണത്തിന്റെയും സാമൂഹ്യ പിന്നാക്കവസ്ഥയുടെയും പേരിൽ രാജ്യത്ത് ആർക്കും ഇനി ലഭിയ്ക്കാതിരിയ്ക്കരുതും എന്നതാണ് സർക്കാരിന്റെ ആശയം എന്ന് വ്യക്തമാക്കി. മൂന്ന് ലോകസഭാ മണ്ടലങ്ങളുടെ പരിധിയിൽ ഒരു എയിംസ് യാഥാർത്ഥ്യമാക്കും എന്നും അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ വർഷം ഓഗസ്റ്റ് 15ന് ചെങ്കോട്ടയിൽ വച്ചാണ് ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷന്റെ പൈലറ്റ് പദ്ധതിയുടെ പ്രഖ്യാപനം പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയത്. ഇതിന്റെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തിൽ രാജ്യത്തെ ആറ് കേന്ദ്രഭരണ പ്രദേശങ്ങളിൽ ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ നടപ്പിലാക്കിയിരുന്നു. ലക്ഷദ്വീപ്, പുതുച്ചേരി ഉൾപ്പെടെയുള്ള ഇടങ്ങളിൽ ഇത് പ്രാവർത്തികമാക്കി. ഇത് വിജയം കണ്ടതോടെയാണ് രാജ്യവ്യാപകമാക്കാൻ തീരുമാനിച്ചത്.