India National

മോദിയെ സ്വീകരിക്കാൻ ചെന്നില്ല, അവലോകന യോഗത്തിലും ഇരുന്നില്ല; മമതയ്‌ക്കെതിരെ കടുത്ത അമർഷം രേഖപ്പെടുത്തി കേന്ദ്രം

യാസ് ചുഴലിക്കാറ്റ് നാശം വിതച്ച ഒഡിഷയിലെ സന്ദർശനം കഴിഞ്ഞാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗാളിലെത്തുന്നത്. സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്താനായായിരുന്നു സന്ദർശനം. എന്നാൽ, വെസ്റ്റ് മിഡ്‌നാപൂരിലെ കലൈകുണ്ഡ വ്യോമസേനാ താവളത്തിലിറങ്ങിയ മോദിയെ സ്വീകരിക്കാൻ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി എത്തിയിരുന്നില്ല. സ്ഥലത്തുണ്ടായിട്ടും വിമാനമിറങ്ങുമ്പോൾ ഔദ്യോഗിക സ്വീകരണ പരിപാടികൾക്കൊന്നും അവർ നിന്നില്ല.

സൈനിക താവളത്തിനു സമീപം തന്നെയായിരുന്നു തുടർന്നുള്ള ദുരന്ത അവലോകന യോഗം നിശ്ചയിച്ചിരുന്നത്. പ്രധാനമന്ത്രിക്കു പുറമെ ബംഗാൾ ഗവർണർ ജഗ്ദീപ് ധൻകർ, മുഖ്യമന്ത്രി മമതാ ബാനർജി, കേന്ദ്ര മന്ത്രിമാരായ ധർമേന്ദ്ര പ്രധാൻ, ദേബശ്രീ ചൗധരി, ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി തുടങ്ങിയവരാണ് യോഗത്തിൽ പങ്കെടുക്കുമെന്നു നിശ്ചയിച്ചിരുന്നത്. യോഗം ആരംഭിക്കുമ്പോൾ മമതയല്ലാത്ത എല്ലാവരും യോഗഹാളിൽ ഹാജരായിരുന്നു.

എന്നാൽ, യോഗം ആരംഭിച്ച് ഏകദേശം അരമണിക്കൂർ കഴിഞ്ഞാണ് മമതയും ഉദ്യോഗസ്ഥന്മാരും ഇവിടെയെത്തിയത്. ചുഴലിക്കാറ്റിൽ സംസ്ഥാനത്തുണ്ടായ നാശനഷ്ടങ്ങളുടെ കണക്കടങ്ങുന്ന റിപ്പോർട്ടുമായായിരുന്നു ഇവർ എത്തിയത്. റിപ്പോർട്ട് കൈമാറി 15 മിനിറ്റ് നേരം പ്രധാനമന്ത്രിയുമായി സംസാരിച്ച മമത അവലോകനയോഗത്തിനിരിക്കാതെ മടങ്ങി. മുൻനിശ്ചയിച്ച മറ്റൊരു പരിപാടിയിൽ പങ്കെടുക്കാനുണ്ടെന്നും പറഞ്ഞാണ് ഇവിടെനിന്നു വിട്ടത്. സംഭവം കേന്ദ്രത്തെ തെല്ലൊന്നുമല്ല ചൊടിപ്പിച്ചിരിക്കുന്നത്. പ്രകൃതി ദുരന്തത്തിനിടയിലും മമതയുടെ ഈ പെരുമാറ്റം നിന്ദ്യവും താഴ്ന്ന നിലവാരത്തിലുള്ളതുമായെന്ന് ഒരു കേന്ദ്ര സർക്കാർ വൃത്തം പ്രതികരിച്ചു. പ്രധാനമന്ത്രി അവലോകന യോഗത്തിനെത്തുമ്പോൾ ബംഗാൾ സർക്കാരിൽനിന്നുള്ള ആരും ഉണ്ടായിരുന്നില്ല. മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും പരിസരത്ത് ഉണ്ടായിട്ടും അവർ പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തിയില്ല. പ്രധാനമന്ത്രിയോടും ഗവർണറോടും ധിക്കാരത്തോടെയും അനാദരവോടെയുമാണ് മമത പെരുമാറിയത്-സർക്കാർ വൃത്തങ്ങൾ കുറ്റപ്പെടുത്തി.

മമതയുടെ നടപടിയെ കുറ്റപ്പെടുത്തി ഗവർണർ ജഗ്ദീപ് ധൻക്കർ ട്വീറ്റ് ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രിയെ ബഹിഷ്‌ക്കരിക്കുകയാണ് മമത ചെയ്തിരിക്കുന്നതെന്ന് ജഗ്ദീപ് ആക്ഷേപിച്ചു. എന്നാൽ, മറ്റൊരു യോഗമുള്ള കാര്യം കേന്ദ്രത്തെ അറിയിച്ചിരുന്നതാണെന്നാണ് ബംഗാൾ സർക്കാർ പറയുന്നത്. മോദിയുമായുള്ള കൂടിക്കാഴ്ചയിൽ മമത ഇക്കാര്യം ഉണർത്തുകയും ചെയ്തിട്ടുണ്ട്. ”താങ്കൾ എന്നെ കാണണമെന്ന് ആവശ്യപ്പെട്ടതിനാലാണ് ഇവിടെ വരെ വന്നത്. ഞാനും ചീഫ് സെക്രട്ടറിയും ഈ റിപ്പോർട്ട് താങ്കൾക്ക് കൈമാറുകയാണ്. ദിഗയിൽ വേറൊരു യോഗമുള്ളതിനാൽ ഞങ്ങളെ പോകാൻ അനുവദിക്കണം” എന്നായിരുന്നു മമത പ്രധാനമന്ത്രിയോട് പറഞ്ഞത്.

തെരഞ്ഞെടുപ്പിനു ശേഷം ഇതാദ്യമായാണ് ഇരുനേതാക്കളും നേർക്കുനേർ കാണുന്നത്. എന്നാൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത പരിപാടികള്‍ മമത ബഹിഷ്‌ക്കരിക്കുകയോ ഇടയ്ക്ക് വച്ച് ഇറങ്ങിപ്പോകുകയോ ചെയ്ത സംഭവങ്ങൾ നേരത്തെയുമുണ്ടായിട്ടുണ്ട്. കഴിഞ്ഞ ജനുവരിയിൽ വിക്ടോറിയ മെമ്മോറിയലിൽ നടന്ന 125-ാമത് സുഭാഷ് ചന്ദ്രബോസ് ജന്മദിന വാർഷിക ചടങ്ങായിരുന്നു ഒരു സംഭവം. ബിജെപി പ്രവർത്തകർ ‘ജയ് ശ്രീറാം’ മുഴക്കിയതാണ് അന്ന് മമതയെ ചൊടിപ്പിച്ചത്. തന്റെ ഊഴമെത്തിയപ്പോൾ പ്രസംഗിക്കാൻ വിസമ്മതിച്ച മമത ഇത്തരം മുദ്രാവാക്യങ്ങൾ ഒരു സർക്കാർ പരിപാടിയിൽ മുഴക്കുന്നത് തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയോടും ആ പദവിയോടുമുള്ള അനാദരവാണെന്നും അവർ മോദിയെ സ്‌റ്റേജിലിരുത്തി വ്യക്തമാക്കി.

രാജ്യത്ത് ഒറ്റ തെരഞ്ഞെടുപ്പ് നടപ്പാക്കുന്നതിന്റെ ഭാഗമായി കേന്ദ്രം വിളിച്ചുചേർത്ത സർവകക്ഷി യോഗം തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവിനുമൊപ്പം മമതയും ബഹിഷ്‌ക്കരിച്ചിരുന്നു. ഇതിനു പുറമെ കഴിഞ്ഞ വർഷം മോദി വിളിച്ചുചേർത്ത എട്ടു യോഗങ്ങളിൽ രണ്ടെണ്ണത്തിൽ മാത്രമാണ് മമത പങ്കെടുത്തിട്ടുള്ളത്.