India

പ്ലസ് വൺ പരീക്ഷ നടത്തിപ്പ് ; കേരളത്തിനും ആന്ധ്രപ്രദേശിനും സുപ്രിംകോടതി വിമര്‍ശനം

പ്ലസ് വൺ പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട കേസിൽ കേരളത്തിനും ആന്ധ്രപ്രദേശിനും സുപ്രിംകോടതിയുടെ വിമര്‍ശനം. രാജ്യത്ത് കൊവിഡ് മൂന്നാം തരംഗത്തിന്‍റെ ആശങ്ക ഇപ്പോഴും നിലനിൽക്കുകയാണ്. ഈ ഘട്ടത്തിൽ കുട്ടികളെ അപകടത്തിൽ ആക്കാനാകില്ല. കൃത്യമായ വിവരങ്ങൾ നൽകിയില്ലെങ്കിൽ പരീക്ഷ നടത്താൻ അനുവദിക്കില്ലെന്ന് പറഞ്ഞ സുപ്രീം കോടതി ഇക്കാര്യത്തിൽ കേരളം നൽകിയ സത്യവാങ്മൂലം അംഗീകരിക്കില്ലെന്നും അറിയിച്ചു.

പരീക്ഷ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികളാണ് സുപ്രീംകോടതിയെ സമീപിച്ചത്. പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് കേരളവും ആന്ധ്രപ്രദേശും നൽകിയ സത്യവാങ്മൂലങ്ങൾ അംഗീകരിക്കാനാകില്ലെന്നായിരുന്നു കോടതി നിലപാട്. കൊവിഡ് ആശങ്ക നിലനിൽക്കെ എന്തിനാണ് പരീക്ഷ നടത്തണമെന്ന വാശിയെന്നും മറ്റെന്തെങ്കിലും ക്രമീകരണം ബന്ധപ്പെട്ട ബോര്‍ഡുകളുമായി ആലോചിച്ച് ഉണ്ടാക്കിക്കൂടെ എന്നും സുപ്രിം കോടതി ചോദിച്ചു.

ആന്ധ്രപ്രദേശിനോട് പറഞ്ഞതെല്ലാം കേരളത്തിനും ബാധകമാണെന്ന് സുപ്രിം കോടതി വ്യക്തമാക്കി. സെപ്തംബറിൽ പരീക്ഷ നടത്തുമെന്നാണ് കേരളം അറിയിച്ചത്. ഇതിന് തയ്യാറാക്കിയ ഷെഡ്യൂളുകളൊന്നും അംഗീകരിക്കത്തക്കതല്ലെന്നും വിദഗ്ധരുമായി കൂടിയാലോചിച്ച് വിശദമായ റിപ്പോർട്ട് സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. വ്യക്തമായ വിവരങ്ങൾ എഴുതി നൽകണം. കേസ് നാളെ പരിഗണിക്കുമെന്നും കോടതി അറിയിച്ചു

അതേസമയം, പതിനൊന്നാം ക്ലാസ് പരീക്ഷ റദ്ദാക്കണമെന്ന ആവശ്യപ്പെട്ട് ഹർജി നൽകിയ കുട്ടികളോട് കേരള ഹൈക്കോടതിയെ സമീപിക്കാനും കോടതി നിർദേശിച്ചു.