ഭോപ്പാൽ: ചരിത്രത്തിൽ ആദ്യമായി നൂറു രൂപ തൊട്ടിരിക്കുകയാണ് പെട്രോൾ വില. മധ്യപ്രദേശ്, രാജസ്ഥാൻ, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ ചില ജില്ലകളിലാണ് പ്രീമിയം പെട്രോളിന്റെ വില നൂറു കടന്നത്. വില സെഞ്ച്വറി കടന്നതോടെ പുലിവാലു പിടിച്ചത് പെട്രോൾ പമ്പുടമകളാണ്. കാരണം മിക്ക പമ്പുകളിലെയും മെഷിനുകളിൽ മൂന്നക്കം കാണിക്കാനുള്ള സാങ്കേതിക വിദ്യയില്ല. ഇതു മൂലം ഭോപ്പാലിലെ ഒട്ടേറെ പമ്പുകൾ അടച്ചിടേണ്ടി വന്നതായി സീ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
പമ്പുകളിലെ പഴയ മെഷിനുകളാണ് ചതിച്ചത്. പുതിയ മെഷിനുകൾ ഇൻസ്റ്റാൾ ചെയ്ത ശേഷം മാത്രമേ ഇനി ഇവിടങ്ങളിൽ ഇന്ധനവിതരണം നടത്താനാകൂ. പ്രതിഷേധങ്ങൾ വകവയ്ക്കാതെ തുടർച്ചയായ ദിവസങ്ങളിൽ പെട്രോൾ, ഡീസൽ വില വർധിപ്പിക്കുന്ന സാഹചര്യമാണ് രാജ്യത്ത് നിലവിലുള്ളത്.
ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില വർധിച്ച സാഹചര്യത്തിലാണ് രാജ്യത്ത് ഇന്ധന വില വർധിപ്പിക്കുന്നത് എന്നാണ് സർക്കാറും എണ്ണക്കമ്പനികളും പറയുന്നത്. ഒക്ടോബർ മുതൽ അമ്പത് ശതമാനത്തിലേറെ വില വർധനയാണ് ക്രൂഡ് ഓയിലിൽ ഉണ്ടായത് എന്ന് കമ്പനികൾ പറയുന്നു. നിലവിൽ 63.3 ഡോളറാണ് ഒരു ബാരൽ ക്രൂഡ് ഓയിലിന്റെ വില.